കാബൂള്‍: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി റഷ്യ. ധീരമായ തീരുമാനം എന്നാണ് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി ഈ നടപടിയെ വിശേഷിപ്പിച്ചത്. മറ്റ് രാജ്യങ്ങൾ ഇത് മാതൃകയായിരിക്കുമെന്നും മുത്തഖി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവുമായി ആമിർ ഖാൻ മുത്തഖി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയിലാണ് അഫ്ഗാനിലെ ഇസ്‍ലാമിക് എമിറേറ്റ്സിനെ അംഗീകരിക്കാനുള്ള റഷ്യൻ സർക്കാരിന്‍റെ തീരുമാനം ഷിർനോവ് ഔദ്യോഗികമായി അറിയിച്ചത്. താലിബാന്‍ സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും പിന്നീട് സ്ഥിരീകരിച്ചു. നാല് വർഷം മുമ്പ് യുഎസ് സൈന്യം പിൻവാങ്ങിയതോടെ അഫ്ഗാന്‍റെ അധികാരം പിടിച്ചെടുത്ത താലിബാൻ അധികൃതരുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിന് റഷ്യ നടപടികൾ സ്വീകരിച്ചിരുന്നു.
യുഎസ് പിൻവാങ്ങൽ പരാജയം എന്ന് വിശേഷിപ്പിച്ച റഷ്യ അന്നുമുതൽ താലിബാൻ അധികൃതരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ച് തുടങ്ങിയിരുന്നു. അതേസമയം, അഫ്ഗാനുമായുള്ള ബന്ധം വിവിധ മേഖലകളിൽ സഹകരണം വികസിപ്പിക്കുന്നതിന് പ്രചോദനം നൽകുമെന്ന് റഷ്യയും വ്യക്തമാക്കി. 2021 ഓഗസ്റ്റിൽ അധികാരത്തിൽ തിരിച്ചെത്തിയതുമുതൽ താലിബാൻ അന്താരാഷ്ട്ര അംഗീകാരങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ട്. താലിബാന്‍ അധികാരത്തിലേറിയിട്ടും അഫ്ഗാനിനിലെ എംബസികള്‍ അടച്ചുപൂട്ടാതിരുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നായിരുന്നു റഷ്യ.