അമേരിക്കന്‍ ഭീഷണിക്കിടെ ക്രൂഡ് ഓയിലില്‍ ഇന്ത്യയ്ക്ക് ഡിസ്‌കൗണ്ട് ഇരട്ടിയാക്കി റഷ്യ

ന്യൂഡല്‍ഹി : അമേരിക്കന്‍ തീരുവ ഭാരം ചുമക്കുന്ന ഇന്ത്യക്ക് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഡിസ്‌കൗണ്ട് ഇരട്ടിയാക്കി റഷ്യ. ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് ഓരോ ഡോളര്‍ കുറയുമ്പോഴും ഇറക്കുമതിച്ചെലവില്‍ ശതകോടികള്‍ ലാഭിക്കാന്‍ ഇന്ത്യയ്ക്കു കഴിയും.

ജൂലൈ-ഓഗസ്റ്റ് കാലയളവില്‍ ബാരലിന് വിപണി വിലയേക്കാള്‍ ഒരു ഡോളര്‍ ഡിസ്‌കൗണ്ടായിരുന്നു ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യ നല്‍കിയത്. നവംബറിലേക്കുള്ള ഇറക്കുമതിക്ക് ഇതു 2 മുതല്‍ 2.50 ഡോളര്‍ വരെയായി ഉയര്‍ത്തിയെന്ന് ഒരു വിദേശ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ കമ്പനികള്‍ നവംബറിലും വന്‍തോതില്‍ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം പ്രതിദിനം 17 ലക്ഷം ബാരല്‍ വീതം റഷ്യന്‍ എണ്ണ ഇന്ത്യന്‍ കമ്പനികള്‍ വാങ്ങുന്നുണ്ട്. ഓഗസ്റ്റിനേക്കാള്‍ 6% അധികമാണിത്. നവംബറില്‍ ഇറക്കുമതി ഇതിലും കൂട്ടാം.

അതേസമയം, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ റഷ്യന്‍ എണ്ണ ഇറക്കുമതിക്കുള്ള പിഴയെന്നോണം 25% അധിക തീരുവ കൂടി ഉള്‍പ്പെടുത്തി 50 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നു. തീരുവഭാരം കുറയ്ക്കാനും യുഎസുമായുള്ള വ്യാപാരക്കരാര്‍ അനുകൂലമാക്കി മാറ്റാനുമായി വന്‍തോതില്‍ അമേരിക്കന്‍ എണ്ണ വാങ്ങാനുള്ള നീക്കങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ നടത്തുന്നുണ്ട്.

More Stories from this section

family-dental
witywide