
അലാസ്‌ക : യുക്രെയ്‌നിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ കാണുന്നതിന് മുമ്പായി ചര്‍ച്ച പരാജയപ്പെടുമെന്ന കണക്കുകൂട്ടലായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഉണ്ടായിരുന്നത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ ശിക്ഷാ തീരുവ ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത് കൂടിക്കാഴ്ചയ്ക്ക് പോകും വഴി ട്രംപ് പറഞ്ഞ കാര്യങ്ങളാണ്.
പുടിന്‍ ചര്‍ച്ചകള്‍ക്കായി എത്തുന്നതിന് ഒരു സാമ്പത്തിക വശമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യയ്ക്ക് ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അത് ഇന്ത്യയാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി. ചർച്ച പരാജയപ്പെട്ടാൽ ഇന്ത്യയുടെ തീരുവ ഇനിയും വർദ്ധിപ്പിക്കുമെന്നും അതീലൂടെ റഷ്യയുടെ വ്യാപാര ബന്ധം ഇന്ത്യ അവസാനിപ്പിക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയത് എന്ന തരത്തിൽ ചർച്ചകളും കൊഴുത്തു.
‘ശരി, അവര്‍ക്ക് ഒരു എണ്ണ ഉപഭോക്താവിനെ നഷ്ടപ്പെട്ടു, അതായത് ഇന്ത്യ, എണ്ണയുടെ ഏകദേശം 40% അവര്‍ വാങ്ങുന്നുണ്ടായിരുന്നു, നിങ്ങള്‍ക്കറിയാവുന്നതുപോലെ ചൈനയാണ് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നത്… ഞാന്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് അവരുടെ കാഴ്ചപ്പാടില്‍ നിന്ന് വിനാശകരമായിരിക്കും. ഞാന്‍ അത് ചെയ്യേണ്ടിവന്നാല്‍, ഞാന്‍ അത് ചെയ്യും, ഒരുപക്ഷേ ഞാന്‍ അത് ചെയ്യേണ്ടതില്ലായിരിക്കാം,’ ട്രംപ് വാഷിംഗ്ടണില്‍ നിന്ന് കയറിയ എയര്‍ഫോഴ്സ് വണ്ണില്‍ നിന്ന് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഇറക്കുമതിക്ക് 50% തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ പരാമര്‍ശം. ‘റഷ്യന്‍ ഫെഡറേഷന്റെ എണ്ണ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് അധിക പരസ്യ മൂല്യവര്‍ദ്ധിത തീരുവ ചുമത്തേണ്ടത് ആവശ്യവും ഉചിതവുമാണെന്നായിരുന്നു ട്രംപ് നേരത്തെ പ്രതികരിച്ചത്. ഈ പ്രഖ്യാപിച്ച തീരുവകളില്‍ പകുതിയും പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ബാക്കിയുള്ളവ ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും.