
മോസ്കോ: റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂചലനങ്ങൾ. റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള കാംചത്ക മേഖലയുടെ തീരത്തിന് സമീപം സംഭവിച്ച ഭൂചലനം റിക്ടർ സ്കെയ്ലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ഇതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് സമീപത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനവും രേഖപ്പെടുത്തിയിരുന്നു.7.4, 6.6, 5.0 എന്നീ തീവ്രതകളിലാണ് ഭൂകമ്പമുണ്ടായതെന്നാണ് യു എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ ആദ്യം 6.7 എന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് 7.4 ആയി പുതുക്കി.
ഭൂകമ്പത്തെ തുടർന്ന് റഷ്യൻ അടിയന്തര സേവന വിഭാഗം പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 300 കിലോമീറ്റർ വരെ ദൂരത്തിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാനുള്ള സാധ്യത ഉയർന്നതായി മുന്നറിയിപ്പ് നൽകി. തീരദേശ വാസികളോട് തീരത്ത് നിന്ന് മാറി താമസിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യം ഹവായിയിൽ പ്രത്യേക സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീടത് പിൻവലിച്ചു.
കാംചത്കയുടെ കിഴക്കൻ തീരത്ത് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ഡാറ്റ പ്രകാരം, വിവരം. 1952 നവംബർ നാലിന് കാംചത്കയിൽ റിക്ടർ സ്കെയ്ലിൽ ഒമ്പത് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.