ഇന്ത്യക്ക് വമ്പൻ വാഗ്ദാനവുമായി റഷ്യ, നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ അഞ്ചാം തലമുറ ഫൈറ്റർ ജെറ്റ് ഇന്ത്യയ്ക്ക് നൽകുന്നു

മോസ്കോ: ഇന്ത്യയ്ക്ക് ഭാവി ഫൈറ്റർ വിമാനങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി പുതിയ അഞ്ചാം തലമുറ Su-57 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിന്‍റെ സാങ്കേതികവിദ്യയിലേക്ക് നിയന്ത്രണങ്ങളില്ലാത്ത പ്രവേശനം നൽകാൻ റഷ്യ തയാറാണെന്ന് അറിയിച്ചു. റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള പ്രതിരോധ കൺസോർഷ്യമായ റോസ്‌ടെക്കിന്‍റെ (Rostec) സിഇഒ സെർജി ചെമെസോവ് ദുബായ് എയർ ഷോ 2025-ൽ വെച്ചാണ് ഈ നിർദ്ദേശം വെളിപ്പെടുത്തിയത് അടുത്ത മാസം റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഈ നിലപാട്.

ഇന്ത്യക്ക് ഈ നിലവാരത്തിലുള്ള പ്രതിരോധ സാങ്കേതികവിദ്യയിലേക്ക് പ്രവേശനം നൽകാൻ മറ്റൊരു രാജ്യവും മുമ്പ് വാഗ്ദാനം ചെയ്തിട്ടില്ല. റഷ്യയുടെ ഈ നിർദ്ദേശം ഇന്ത്യ അംഗീകരിക്കുകയാണെങ്കിൽ, പാശ്ചാത്യ രാജ്യങ്ങൾ പങ്കുവെക്കാൻ വിസമ്മതിച്ച കഴിവുകൾ സ്വന്തമാക്കാനും, നവീകരിച്ച സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ തദ്ദേശീയമായി നിർമ്മിക്കാനും ഇന്ത്യക്ക് സാധിക്കും. തുടക്കത്തിൽ റഷ്യയിൽ നിർമ്മിക്കുന്ന Su-57 വിമാനങ്ങൾ ഇന്ത്യക്ക് നൽകുകയും, തുടർന്ന് ഘട്ടം ഘട്ടമായി ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം.

എഞ്ചിനുകൾ, സെൻസറുകൾ, സ്റ്റെൽത്ത് സാമഗ്രികൾ എന്നിവ ഉൾപ്പെടെയുള്ള അഞ്ചാം തലമുറ വിമാന നിർമ്മാണത്തിന്‍റെ മുഴുവൻ സാങ്കേതിക വിദ്യയും ഇന്ത്യക്കായി തുറന്നുകൊടുക്കാൻ മോസ്കോ തയാറാണെന്ന് ചെമെസോവ് പറഞ്ഞു. വർഷങ്ങളായുള്ള ഇന്ത്യ – റഷ്യ സൗഹൃദം എടുത്തുപറഞ്ഞ ചെമെസോവ്, സാങ്കേതികവിദ്യ സംബന്ധിച്ച് ഇന്ത്യയുടെ ഏത് ആവശ്യവും തങ്ങൾക്ക് പൂർണ്ണമായും സ്വീകാര്യമായിരിക്കുമെന്നും വ്യക്തമാക്കി. സാങ്കേതിക കൈമാറ്റത്തിനും സാങ്കേതിക പഠനത്തിനും മോസ്കോ തയ്യാറാണെന്ന് റഷ്യയുടെ ആയുധ കയറ്റുമതി സ്ഥാപനമായ റോസോബോറോൺ എക്സ്പോർട്ടിന്‍റെ മുതിർന്ന പ്രതിനിധിയും വ്യക്തമാക്കി.

എഞ്ചിനുകൾ, ഒപ്റ്റിക്സ്, എഇഎസ്എ റഡാർ, എഐ ഘടകങ്ങൾ, ലോ-സിഗ്നേച്ചർ സാങ്കേതികവിദ്യകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. റഷ്യയുടെ ഒറ്റ എഞ്ചിൻ സ്റ്റെൽത്ത് യുദ്ധവിമാനമായ Su-75 ചെക്ക്മേറ്റ് വിമാനവും ഇന്ത്യക്ക് വാഗ്ദാനം ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. Su-75 ചെക്ക്മേറ്റിന്‍റെ നിർമ്മാണം ഇന്ത്യയിൽ സ്ഥാപിക്കുന്നത്, തദ്ദേശീയമായി നിർമ്മിക്കുന്ന എഎംസിഎ (AMCA) പോലെയുള്ള ഇരട്ട എഞ്ചിൻ യുദ്ധവിമാനങ്ങൾക്ക് പകരമാകില്ല, മറിച്ച് അതിന് സഹായകരമായിരിക്കും എന്നും പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു.

അതേസമയം, റഷ്യൻ പ്രസിഡന്‍റ് പുടിൻ ഡിസംബറിൽ 23-ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തും. ഇതിന്‍റെ മുന്നോടിയായി ഈ ആഴ്ചയുടെ ആദ്യം പുടിന്‍റെ ഉന്നത സഹായിയും മാരിടൈം ബോർഡ് ചെയർമാനുമായ നിക്കോളായ് പട്രുഷേവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Russia makes a big promise to India, providing fifth-generation fighter jet to India without any restrictions

More Stories from this section

family-dental
witywide