
മോസ്കോ: യുക്രൈനുമായുള്ള സമാധാന ചർച്ചകൾക്ക് അനുയോജ്യമായ ഇടം വത്തിക്കാനാണെന്ന വാദം തള്ളി റഷ്യ. ഇത് പലരുടെയും ഫാന്‍റസി മാത്രമാണ് എന്നാണ് റഷ്യ ഈ വിഷയത്തോട് പ്രതികരിച്ചത്. അങ്ങനെയൊരു വേദിയുണ്ടാകുമോ എന്ന കാര്യത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് സംശയം പ്രകടിപ്പിച്ചു. രണ്ട് ഓർത്തഡോക്സ് ക്രിസ്ത്യൻ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നപരിഹാരത്തിന് വേദിയാകുക എന്നത് വത്തിക്കാന് അസ്വസ്ഥതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു
യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയായി സ്ഥാനം ഏറ്റതിനു പിന്നാലെ ആഗോള സംഘർഷങ്ങൾ പരിഹരിക്കാന്‍ മധ്യസ്ഥനായി പ്രവർത്തിക്കുമെന്ന് ലിയോ പതിനാലാമൻ പറഞ്ഞിരുന്നു. പിന്നാലെ യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മാര്‍പ്പാപ്പയെ സന്ദർശിച്ചു. മധ്യസ്ഥ ശ്രമങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ വത്തിക്കാൻ തയാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിരുന്നു.