
മോസ്കോ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് സെലൻസ്കിയും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന ചർച്ച തെറ്റിപ്പിരിഞ്ഞത് അവസരമാക്കി റഷ്യ. അമേരിക്കയുടെ പിന്തുണ കുറഞ്ഞുവെന്ന് വ്യക്തമായതോടെ യുക്രൈന് നേരെ റഷ്യ കനത്ത ആക്രമണം തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കിഴക്കൻ യുക്രൈനിലെ ഡോനെസ്റ്റ്ക് മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ ബർലാറ്റ്സ്കെയും സ്കുഡ്നെയും റഷ്യൻ സൈന്യം കീഴടക്കിയതായി റഷ്യൻ ന്യൂസ് ഏജൻസിയായി ടാസ്സ് റിപ്പോർട്ട് ചെയ്തു.
യുക്രൈനിലുടനീളം വെള്ളിയാഴ്ച രാത്രി വലിയ രീതിയിലുള്ള ആക്രമണമാണ് നടത്തിയതെന്നാണ് വിവരം. ഖാർഗിവ് മേഖലയിലായിരുന്നു കൂടുതൽ ആക്രമണം. 154 ഡ്രോണുകളാണ് റഷ്യ ഇതിനിടെ വിക്ഷേപിച്ചതെന്നും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതുവരെ 63 പേരെ രക്ഷപ്പെടുത്തി.