
മോസ്കോ: റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ തകർക്കാനുള്ള അമേരിക്കയുടെ ഒരുശ്രമവും നടപ്പാകില്ലെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ഇന്ത്യയുമായുള്ള ബന്ധം കാലങ്ങളായി തുടരുന്നതാണ്. സുസ്ഥിരവും ആത്മവിശ്വാസത്തോടെ മുന്നേറുന്നതുമാണ് ഇന്ത്യയും റഷ്യയുമായുള്ള ബന്ധം, അതിനെ തകർക്കാനുള്ള ഏതൊരു നടപടിയും പരാജയപ്പെടുമെന്നും സർക്കാർ മാധ്യമമായ റഷ്യൻ ടൈംസിലൂടെ (ആർടി) റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ടാപ്പ അധികതീരുവ ചുമത്തിയിട്ടും റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യയ്ക്കുമേൽ യുഎസ് തീരുവയ്ക്ക് സമാനമായ ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ മറ്റു രാജ്യങ്ങളുടെമേൽ സമ്മർദം ചെലുത്തുന്നതിനിടെയാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തലാക്കാൻ യുഎസിൽ നിന്നും മറ്റു നാറ്റോ രാജ്യങ്ങളിൽനിന്നും സമ്മർദ്ദമേറിയിട്ടും അതിനെതിരെ ഉറപ്പോടെ നിലകൊള്ളുന്നതിലും ഭീഷണികൾക്ക് വഴങ്ങാതെ പ്രതിജ്ഞാബദ്ധമായി തുടരുന്നതിലും ഇന്ത്യയെ റഷ്യൻ വിദേശകാര്യമന്ത്രാലയം പ്രശംസിക്കുകയും ചെയ്‌തു.
ഇന്ത്യയുടെ ഈ സമീപനം ‘ദീർഘകാലമായുള്ള റഷ്യ-ഇന്ത്യ ബന്ധത്തിൻ്റെ അടിത്തറയാണ്. ഇന്ത്യയും റഷ്യയുമായുള്ള പങ്കാളിത്തം പരമാധികാരത്തിന്റെ പരമമായ മൂല്യത്തിനും ദേശീയ താൽപര്യങ്ങൾക്കും മുൻഗണന നൽകുന്നുവെന്നും റഷ്യ പറഞ്ഞു. ഇന്ത്യയുടെ കാഴ്‌ചപ്പാട് വിശ്വസനീയവും ദീർഘവീക്ഷണമുള്ളതും നയതന്ത്രപരവുമായ ബന്ധങ്ങളെ പിന്തുണയ്ക്കുന്നതാണെന്നും റഷ്യ കൂട്ടിച്ചേർത്തു.