മോസ്കോ: ക്രെംലിനിൽ റഷ്യ-യുക്രെയ്ൻ സാമാധാന കരാറിനായി പ്രസിഡൻ്റ് വ്ലാദിമിർ പുടിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ച പൂർത്തിയായി. അതേസമയം, റഷ്യയുടെയും യുഎസിൻ്റെയും ചർച്ചകൾ ഫലപ്രദമായിരുന്നു, പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങൾ ഇത് സംബന്ധിച്ച് ബാക്കിയുണ്ടെന്ന് പുടിൻ്റെ മുതിർന്ന ഉപദേഷ്ടാവായ യൂറി ഉഷാക്കോവ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
28- ഇന സമാധാനത്തിനായുള്ള പുതുക്കിയ പദ്ധതിക്ക് പുറമെ, ഇതുവരെ ഇല്ലാത്ത നാല് അധിക രേഖകൾ കൂടി ചർച്ച ആയെന്നും നാലുവർഷത്തോളമായി തുടരുന്ന യുദ്ധത്തിന് അറുതിവരുത്തുന്ന കാരാറിനായി ഈ ചർച്ചയിൽ പ്രായോഗിക പദ്ധതികൾ രൂപപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെന്നും ഉഷാകോവ് കൂട്ടിച്ചേർത്തു.
അതേസമയം, ക്രെംലിനിൽ ട്രംപ് ഭരണകൂടത്തിൻ്റെ മധ്യസ്ഥതയിൽ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെഡ് കുഷ്‌നറും നടത്തിയ കൂടിക്കാഴ്ച അഞ്ച് മണിക്കൂർ നീണ്ടു. ചർച്ചകളുടെ സാരാംശം വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ മാസം പ്രസിദ്ധപ്പെടുത്തിയ ട്രംപിൻ്റെ സമാധാന പദ്ധതിയാണ് ഈ ശ്രമത്തിൻ്റെ കേന്ദ്രബിന്ദു. ഇനിയും കാര്യങ്ങൾ ബാക്കിയുണ്ട് എന്ന സൂചനയാണ് റഷ്യ നൽകിയത്.
വിഷയത്തിൽ ഫ്ലോറിഡയിൽ ഒരു യുക്രേനിയൻ സംഘവുമായി യുഎസ് ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തിയിരുന്നു. മോസ്കോ ചർച്ചകളുടെ ഫലത്തെ അടിസ്ഥാനമാക്കിയാവും തങ്ങൾ ഈ പ്രക്രിയയെ വിലയിരുത്തുകയെന്ന് ചൊവ്വാഴ്‌ച ഡബ്ലിനിൽ സംസാരിക്കവെ യുക്രേനിയൻ പ്രസിഡന്റ്റ് സെലെൻസ്കി പ്രതികരിച്ചിരുന്നു. റോയിട്ടേഴ്‌സിൻ്റെ റിപ്പോർട്ട് പ്രകാരം യുദ്ധം ഏകദേശം നാല് വർഷം പിന്നിട്ടപ്പോൾ യുക്രെയിൻ്റ 19 ശതമാനത്തിലധികം പ്രദേശം റഷ്യൻ നിയന്ത്രണത്തിലാണ്.
Russia-Ukraine Kremlin talks complete; Putin’s advisor says agreement still far away














