കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിച്ചാൽ യുക്രൈന് യു.എസ് സംരക്ഷണം നൽകിയേക്കുമെന്നുള്ള സൂചന നൽകി യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലൻസ്കി. ഭാവിയിലെ റഷ്യൻ അധിനിവേശ ശ്രമങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്താൻ യു.എസ് യുക്രൈയിന് സുരക്ഷ നൽകുമെന്നാണ് സെലൻസ്കി പറയുന്നത്. നാറ്റോ അംഗരാജ്യമായി മാറുക എന്ന യുക്രൈൻ്റെ ദീർഘകാല ലക്ഷ്യം പൂർത്തിയാക്കാനുള്ള ശ്രമമാകും യുക്രൈന്റെ ഭാഗത്തുനിന്നുണ്ടാകുക.
നാല് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി യു.എസും യൂറോപ്യൻ രാജ്യങ്ങളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നാറ്റോ അംഗമാക്കണമെന്ന യുക്രൈന്റെ ആവശ്യത്തിൽ ശ്രമങ്ങൾ വിഫലമാകുകയാണ്. യു.എസും യുക്രൈനും തമ്മിൽ നാറ്റോയുടെ ആർട്ടിക്കിൾ അഞ്ച് പ്രകാരമുള്ള ഒരു സുരക്ഷാ കരാർ ഒപ്പുവച്ചെക്കുമെന്നാണ് സൂചന.
ഈ സുരക്ഷാ കരാറിൽ യുഎസിന് പുറമെ യുറോപ്യൻ രാജ്യങ്ങളും കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളും പങ്കുചേർന്നേക്കും. ഔദ്യോഗികമായി നാറ്റോയുടെ ഭാഗമാകില്ലെങ്കിലും ഭാവിയിലെ റഷ്യൻ ഭീഷണിയിൽ നിന്ന് സംരക്ഷണം നൽകുന്ന കരാറാകുമിത്. എന്നാൽ നാറ്റോയുടേതുപോലെ, അംഗരാജ്യങ്ങൾ ആക്രമിക്കപ്പെട്ടാൽ എല്ലാവർക്കുമെതിരായ ആക്രമണമായി കണക്കാക്കുന്ന രീതി ഉണ്ടായേക്കില്ല എന്നാണ് സൂചന. ഇത്തരത്തിൽ ഒരു കരാർ ഉണ്ടാകുമെന്ന് സെലൻസ്കി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സെലൻസ്കി ബെർലിനിൽ വെച്ച് യുഎസ്, യുറോപ്യൻ പ്രതിനിധികളുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിയുടെ ചർച്ചകൾക്കായി ചർച്ചകൾ നടത്തി. അഞ്ചുമണിക്കൂറോളം നീണ്ട ചർച്ചയിൽ 20 ഇന സമാധാന പദ്ധതിയിൽ പല വിഷയങ്ങളിലും പുരോഗതിയുണ്ടെങ്കിലും ചർച്ച തുടരും. അതേസമയം യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും ചേർന്ന് തയ്യാറാക്കുന്ന സമാധാന പദ്ധതി റഷ്യ അംഗീകരിക്കുമോയെന്ന ആശങ്കയും യൂറോപ്യൻ രാജ്യങ്ങൾക്കുണ്ട്.
Russia-Ukraine war; Zelensky hints that US may provide protection from Russian invasion attempts












