
ന്യൂയോർക്ക്: ലോകം കാത്തിരിക്കുന്ന വാർത്തയാണ് റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിക്കും എന്നത്. ഡോണൾഡ് ട്രംപ് രണ്ടാം തവണയും പ്രസിഡന്‍റായി അധികാരമേറ്റതിന് പിന്നാലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇടപെടൽ അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത റഷ്യ– യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ നീക്കം വിജയത്തിലേക്ക് എത്തിയേക്കും എന്നതാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി റിയാദിൽ യു എസ് ഉദ്യോഗസ്ഥരും റഷ്യൻ പ്രതിനിധികളും കൂടിക്കാഴ്ച നടത്തും.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ്, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക. ഈ യോഗത്തിൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്ന തീരുമാനങ്ങളുണ്ടായാൽ റിയാദിലെ ചർച്ചകൾക്ക് ലോകം കയ്യടിക്കുമെന്ന് ഉറപ്പാണ്.
യുദ്ധത്തിൽനിന്നു പിന്മാറിയാൽ റഷ്യയ്ക്കു മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറപ്പുനൽകിയതായാണ് സൂചന. അങ്ങനെയെങ്കിൽ റിയാദിലെ ചർച്ചകൾക്കൊടുവിൽ ഒരു തീരുമാനം ഉണ്ടായേക്കും. ഈ ആഴ്ച താൻ സൗദി സന്ദർശനം നടത്തുന്നുണ്ടെന്നും റഷ്യയുമായുള്ള ചർച്ചയ്ക്കല്ലെന്നുമാണ് സെലന്‍സ്‌കി പറയുന്നതെങ്കിലും യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സൗദി പ്രതിനിധികളുമായിട്ടായിരിക്കും ആദ്യം സെലൻസ്കി ചർച്ച നടത്തുക. ഇത് വിജയമായാൽ റഷ്യയും സമാധാനത്തിന്‍റെ പാതയിലേക്കെത്തുമെന്നാണ് പ്രതീക്ഷ.