എസ്‌തോണിയയുടെ വ്യോമാതിര്‍ത്തിയിലൂടെ പറന്ന് റഷ്യന്‍ പോര്‍വിമാനങ്ങള്‍; ഇത് ധിക്കാരമെന്ന് എസ്‌തോണിയന്‍ വിദേശകാര്യ മന്ത്രി

ടാലിന്‍: യൂറോപ്യന്‍ രാജ്യമായ എസ്‌തോണിയയുടെ വ്യോമാതിര്‍ത്തിയിലൂടെ പറന്ന് റഷ്യന്‍ പോര്‍വിമാനങ്ങള്‍. വെള്ളിയാഴ്ചയാണ് മൂന്ന് റഷ്യന്‍ MiG31 പോര്‍വിമാനങ്ങള്‍ എസ്‌തോണിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചത്. 12 മിനിറ്റോളം വിമാനങ്ങള്‍ എസ്‌തോണിയയുടെ വ്യോമാതിര്‍ത്തിയില്‍ തുടരുകയും ചെയ്തു. പോളണ്ട്, റൊമാനിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് പറന്നതിന് പിന്നാലെയാണ് റഷ്യയുടെ ആശങ്കാ ജനകമായ ഈ നീക്കം.

റഷ്യയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് എസ്‌തോണിയന്‍ വിദേശകാര്യ മന്ത്രി മാര്‍ഗസ് ത്സാക്‌ന പ്രതികരിച്ചു. ഈ സംഭവം മുന്‍പെങ്ങുമില്ലാത്തവിധം ധിക്കാരപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ അതിക്രമങ്ങള്‍ക്കെതിരെ രാഷ്ട്രീയപരവും സാമ്പത്തികവുമായ സമ്മര്‍ദ്ദം ശക്തമാക്കണമെന്ന് ത്സാക്‌ന അഭിപ്രായപ്പെട്ടു.

യുക്രെയ്ന്‍ യുദ്ധം മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് റഷ്യന്‍ യുദ്ധ വിമാനങ്ങളുടെ ‘അതിര്‍ത്തി കടന്നുകയറ്റം’. ഈ വര്‍ഷം ഇത് നാലാം തവണയാണ് റഷ്യ എസ്‌തോണിയയുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത്.

വ്യോമാതിര്‍ത്തി ലംഘിച്ച് പോര്‍വിമാനങ്ങള്‍ പറന്നതിനെത്തുടര്‍ന്ന് എസ്‌തോണിയ റഷ്യന്‍ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. നാറ്റോയുടെ അടിയന്തര കൂടിയാലോചനകള്‍ ഇക്കാര്യത്തില്‍ വേണമെന്ന് എസ്‌തോണിയന്‍ പ്രധാനമന്ത്രി ക്രിസ്റ്റന്‍ മൈക്കല്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരം അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

More Stories from this section

family-dental
witywide