വീണ്ടും വിലകുറച്ച് റഷ്യന്‍ എണ്ണ; ഇന്ത്യക്ക് കോളടിച്ചു, ബാരലിന് 3 മുതല്‍ 4 ഡോളര്‍ വരെ കുറഞ്ഞു

ന്യൂഡല്‍ഹി : റഷ്യന്‍ എണ്ണ വാങ്ങുന്നതിന് പിഴയായി ഇന്ത്യക്കുമേല്‍ അദിക തീരുവ ചുമത്തിയ അമേരിക്കയെ രോഷം കൊള്ളിക്കുന്ന നീക്കവുമായി റഷ്യ. യുഎസ് തീരുവകളുടെ ആഘാതം വഹിക്കുന്ന ഇന്ത്യയ്ക്ക് റഷ്യന്‍ എണ്ണയുടെ വില ബാരലിന് 3 മുതല്‍ 4 ഡോളര്‍ വരെ കുറച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ അവസാനത്തിലും ഒക്ടോബറിലും കയറ്റി അയയ്ക്കുന്ന ചരക്കുകള്‍ക്ക് റഷ്യ കുറഞ്ഞ വിലയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്ന് കാട്ടി ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് യുഎസ് പ്രസിഡന്റ് 50% തീരുവ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്ന തീരുവ ഇരട്ടിയാക്കലിനെ ന്യായീകരിച്ചുകൊണ്ട് ട്രംപും അദ്ദേഹത്തിന്റെ നിരവധി പ്രധാന ഉദ്യോഗസ്ഥരും ഇന്ത്യയ്ക്കെതിരെ ആഞ്ഞടിക്കുകയാണ്. ഇന്ത്യയ്ക്ക് എണ്ണ വിറ്റ് കിട്ടുന്ന പണം റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്നാണ് ട്രംപിന്റെ വാദം. എന്നാല്‍, താരതമ്യേന വിലക്കുറവില്‍ ലഭിക്കുന്നതുകൊണ്ടും ആഗോള സാഹചര്യവും അനുസരിച്ചാണ് റഷ്യന്‍ എണ്ണ വാങ്ങുന്നതെന്നാണ് ഇന്ത്യ മറുപടി നല്‍കിയത്. 2022 ല്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ ഇന്ത്യ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ പ്രധാന ഇറക്കുമതിക്കാരായി മാറിയിരുന്നു. എണ്ണ വാങ്ങുന്നത് നിരോധിക്കുന്ന ഉപരോധങ്ങളൊന്നും നിലവില്‍ ഇല്ലെന്നും യുഎസ് തന്നെ റഷ്യന്‍ എണ്ണ നിരോധിച്ചിട്ടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയില്‍ റഷ്യയും ഇന്ത്യയും മികച്ച ബന്ധം പങ്കിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും മോദി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇരു രാജ്യങ്ങളും എതിരാളികളല്ല, പങ്കാളികളാകുമെന്ന് മോദി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതും അമേരിക്കയെ ചൊടിപ്പിച്ചു.