എസ്.സി.ഒ ഉച്ചകോടിക്കിടെ മോദിക്കൊപ്പം കാർ യാത്ര; സംഭാഷണം വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ

മോസ്കോ: ഇന്ത്യൻ പ്രധാനമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്.സി.ഒ ഉച്ചകോടിക്കിടെ നടത്തിയ കാർ യാത്രയേക്കുറിച്ച് വെളിപ്പെടുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ. അലാസ്ക‌യിലെ ചർച്ചകളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചുവെന്നാണ് കാറിലെ യാത്ര സംഭാഷണത്തെക്കുറിച്ച് പുതിൻ വെളിപ്പെടുത്തിയത്. ഒരുമിച്ചുള്ള കാർ യാത്രയിൽ ഇരുനേതാക്കളും വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും തുടർന്ന് ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് പുതിൻ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റും ഒരുമിച്ചായിരുന്നു പുതിന്റെ ഔറസ് ലിമോസിൻ കാറിൽ റിറ്റ്സ്- കാൾട്ടൺ ഹോട്ടലിലെ ഉഭയകക്ഷി യോഗ വേദിയിലേക്ക് എത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അലാസ്ക ഉച്ചകോടിയിൽ നടന്ന ചർച്ചകളെക്കുറിച്ച് മോദിയോട് സംസാരിച്ചതായാണ് പുതിൻ പറഞ്ഞത്. മോദിയും പുതിനും ഏകദേശം 45 മിനിറ്റോളം കാറിൽ ചെലവഴിച്ചെന്നാണ് റിപ്പോർട്ട്. ഉഭയകക്ഷി ചർച്ചകൾക്കിടെ, യുക്രെയ്ൻ സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടത് മനുഷ്യരാശിയുടെ ആവശ്യമാണെന്നും മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള വഴികൾ കണ്ടെത്തണമെന്നും മോദി പുതിനോട് ആവശ്യപ്പെട്ടിരുന്നു.

കാറിൽ വെച്ച് പുതിനുമായുള്ള സംഭാഷണം ഉൾക്കാഴ്ച പകരുന്നതായിരുന്നെന്ന് പുതിനൊനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മോദി എക്സ് പോസ്റ്റിൽ കുറിച്ചിരുന്നു. റഷ്യൻ നേതാവിനെ സ്വീകരിക്കാനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും മോദി അറിയിച്ചിരുന്നു.