
ഇസ്താംബൂൾ: തുർക്കിയിൽ വെച്ച് നടക്കുന്ന യുക്രൈൻ സമാധാന ചർച്ചക്ക് പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി റഷ്യൻ പ്രസിഡന്‍റ് വ്ളാദമിര്‍ പുടിൻ. പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇസ്താംബൂളിൽ വെച്ച് യുക്രൈനുമായി നേരിട്ട് ചർച്ച നടത്താമെന്ന് പുടിൻ ഞായറാഴ്ച നിർദേശിച്ചിരുന്നു. 2022ൽ ചർച്ചകൾ അവസാനിപ്പിച്ചത് റഷ്യയല്ല. അത് കീവ് ആയിരുന്നു. എന്നിരുന്നാലും, മുൻകൂർ ഉപാധികളില്ലാതെ കിയവ് നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഞങ്ങൾ നിർദേശിക്കുന്നു എന്ന് പുടിൻ പറഞ്ഞു.
എന്നാൽ ബുധനാഴ്ച രാത്രിയോടെ പുടിൻ സമാധാന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് റഷ്യ വ്യക്തമാക്കി. പകരം വ്ലാദിമിർ മെഡിൻസ്‌കി നയിക്കുന്ന സംഘമാവും ചർച്ചയിൽ റഷ്യയെ പ്രതിനിധീകരിക്കുക. റഷ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപും ചർച്ചയിൽ പങ്കെടുക്കില്ലെന്ന് യുഎസ് അറിയിച്ചു. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്കായി തുർക്കിയിലെത്തുമെന്ന് സൂചനകളുണ്ടായിരുന്നു. മിഡിൽ ഈസ്റ്റ് പര്യടനത്തിലാണ് നിലവിൽ ട്രംപ്.















