എസ്. ജയ്ശങ്കര്‍ മോസ്‌കോയില്‍റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച; ബന്ധം കൂടുതല്‍ ഉറപ്പിക്കാന്‍ നീക്കം, ട്രംപിന് കലിപ്പേറും

ന്യൂഡല്‍ഹി : ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ റഷ്യയില്‍ സന്ദര്‍ശനം നടത്തുന്നു. ഇന്ന് മോസ്‌കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സാമ്പത്തിക പ്രതിരോധശേഷിയിലും ബഹുധ്രുവ സഹകരണത്തിലും ശക്തമായ ബന്ധം സ്ഥാപിക്കാനാണ് നീക്കം. ഇതിനായി ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അമേരിക്ക ഉള്‍പ്പെടെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനായുള്ള ചര്‍ച്ചകളും, സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്നതിനും ഉഭയകക്ഷി വ്യാപാരത്തില്‍ ദേശീയ കറന്‍സികളുടെ ഉപയോഗം വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും ചര്‍ച്ചയുടെ ഭാഗമാകും. പരസ്പര വിശ്വാസവും ബഹുമാനവും ഇന്ത്യ-റഷ്യന്‍ ബന്ധങ്ങളുടെ മൂലക്കല്ലായി തുടരുന്നുവെന്ന് ഇരുരാജ്യങ്ങളും പ്രതികരിക്കുന്നുണ്ട്. ഊര്‍ജ്ജം, ധനകാര്യം, പ്രതിരോധ ഉല്‍പ്പാദനം, ശാസ്ത്രം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് ചര്‍ച്ചയുടെ പ്രധാന ഭാഗങ്ങളില്‍ ഉള്‍പ്പെടും.

നിലവില്‍, ഏഷ്യ-പസഫിക്കിലെ വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍, യുക്രെയ്‌നിലെ സംഘര്‍ഷം, അഫ്ഗാനിസ്ഥാനിലെ സാഹചര്യം, പലസ്തീന്‍-ഇസ്രായേല്‍ ഏറ്റുമുട്ടല്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര അന്താരാഷ്ട്ര സംഭവവികാസങ്ങളെക്കുറിച്ച് ജയ്ശങ്കറും ലാവ്റോവും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കും.

റഷ്യയുമായി വ്യാപാര ബന്ധം പുലര്‍ത്തുന്നുവെന്നും എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്നും കാട്ടി ഇന്ത്യക്ക് അധിക ശിക്ഷാ തീരുവയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെയാണ് ജയ്ശങ്കറിന്റെ റഷ്യന്‍ സന്ദര്‍ശനം. ഇത് തീര്‍ച്ചയായും ട്രംപിനെ ചൊടിപ്പിക്കും.

More Stories from this section

family-dental
witywide