ശബരിമല സ്വർണ്ണക്കവർച്ച വിവാദം തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി, സർക്കാരിനെതിരായ വികാരം സൃഷ്ടിക്കാൻ എതിരാളികൾ ആയുധമാക്കി; പരാജയം വിലയിരുത്തി സിപിഎം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് കാരണം ശബരിമല സ്വർണ്ണക്കവർച്ച വിവാദവും കാരണമായെന്ന് സി.പി.എം വിലയിരുത്തൽ. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഹിന്ദു വോട്ടുകൾ അകറ്റാൻ കാരണമായെന്നാണ് പാർട്ടി സെക്രട്ടേറിയറ്റിൽ ഉയർന്ന നിരീക്ഷണം. സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടെന്ന പ്രചാരണം വിശ്വാസികൾക്കിടയിൽ സർക്കാരിനെതിരായ വികാരം സൃഷ്ടിക്കാൻ രാഷ്ട്രീയ എതിരാളികൾ ആയുധമാക്കിയെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചെന്നും പാർട്ടി കരുതുന്നു.

ശബരിമല വിഷയത്തിന് പുറമെ, വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരം വർദ്ധിപ്പിച്ചു. ഇത്തരം പ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ പാർട്ടി സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയെന്നും വിലയിരുത്തലുണ്ട്. സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിന് പകരം വിവാദങ്ങൾ ചർച്ചയായത് തിരിച്ചടിയുടെ ആക്കം കൂട്ടി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഈ പോരായ്മകൾ പരിഹരിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്.

തിരിച്ചടി നേരിട്ട സാഹചര്യത്തിൽ താഴെത്തട്ടിലുള്ള പാർട്ടി സംവിധാനങ്ങൾ പുനഃസംഘടിപ്പിക്കാനും ജനങ്ങളുമായുള്ള ബന്ധം പുതുക്കാനുമുള്ള നടപടികൾക്ക് സി.പി.എം തുടക്കമിടും. ശബരിമല ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളിൽ വിശ്വാസികളുടെ ആശങ്കകൾ ദൂരീകരിക്കാൻ പ്രത്യേക പ്രചാരണ പരിപാടികൾ നടത്തും. ജനുവരിയിൽ നടക്കാനിരിക്കുന്ന എൽ.ഡി.എഫ് കേരള യാത്രയുടെ പ്രധാന ലക്ഷ്യവും ഇത്തരം വിവാദങ്ങളെ പ്രതിരോധിക്കുക എന്നതാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.

More Stories from this section

family-dental
witywide