ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തെ എസ്ഐടി കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് തിരുവന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്. അപസ്മാര രോഗിയാണെന്നും ജയിലിൽ കഴിയാൻ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചെങ്കിലും വൈദ്യസൗകര്യങ്ങൾ ലഭ്യമാണെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടാം പ്രതി മുരാരി ബാബുവിനൊപ്പം ചേർത്ത് നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണപാളികൾ ചെമ്പായി രേഖപ്പെടുത്തിയ ഗൂഢാലോചനയാണ് പ്രധാന ഫോക്കസ്.
ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണക്കവർച്ച കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിച്ചു. നവംബർ മൂന്നിന് റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡി തേടും. ബംഗളൂരു, ചെന്നൈ റെയ്ഡുകളിൽ കവർച്ച ചെയ്തതിന് തുല്യമായ സ്വർണം പ്രത്യേക സംഘം കണ്ടെടുത്തു. കഴിഞ്ഞ ദിവസം 608 ഗ്രാം സ്വർണം കോടതിയിൽ ഹാജരാക്കി.
മുരാരി ബാബുവിനെ ഇരു കേസുകളിലും അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവെടുപ്പിൽ ലഭിച്ച ബാക്കി സ്വർണവും റാന്നി കോടതിയിൽ സമർപ്പിച്ചു. എസ്ഐടി അന്വേഷണം തുടരുന്നു.













