
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിൽ നിന്ന് സ്വർണം കവർന്ന കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ എട്ടാം പ്രതിയായ പത്മകുമാറിനെ ഇന്ന് തന്നെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
2019ൽ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിന്റെ അറിവോടെയാണ് സ്വർണപൂശിയ കട്ടിളപ്പാളികൾ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അറസ്റ്റിലായ ഉദ്യോഗസ്ഥർ ഉൾപ്പെടെ നൽകിയ മൊഴികളിൽ ബോർഡ് തീരുമാനപ്രകാരമാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമാക്കുന്നു. പോറ്റിക്ക് ശബരിമലയിൽ പൂർണ സ്വാതന്ത്ര്യം നൽകിയത് പത്മകുമാറാണെന്നും അന്വേഷണസംഘം കണ്ടെത്തി.
മുൻ ദേവസ്വം കമ്മിഷണർ എൻ. വാസുവിന്റെ അറസ്റ്റിന് പിന്നാലെയാണ് പത്മകുമാറിനെതിരേയുള്ള നീക്കം ശക്തമായത്. കേസിൽ ഇതുവരെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ പങ്ക് ആദ്യം തന്നെ കണ്ടെത്തിയിരുന്ന വിജിലൻസ് അന്വേഷണവും ഇതേ നിഗമനത്തിലെത്തിയിരുന്നു. ഹൈക്കോടതി നിരീക്ഷണത്തിലുള്ള കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനാണ് സൂചന.














