കൊച്ചി: ശബരിമലയിൽ നടന്നത് സംഘടിത സ്വർണക്കൊള്ളയെന്നും അതുമായി ബന്ധപ്പെട്ട ഗൂഡാലോചന പുറത്ത് വരണമെന്നും ഹൈക്കോടതി. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച കോടതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം തട്ടിയെടുത്തിട്ടും തിരികെയെടുക്കാൻ ശ്രമിച്ചില്ല. കട്ടിളയിൽ നിന്ന് 409 ഗ്രാം സ്വർണം ഉരുക്കിയെടുക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകി. കൊണ്ടുപോയ ദ്വാരപാലക ശിൽപം തന്നെയാണോ തിരികെ കൊണ്ടുവന്നതെന്ന കാര്യത്തിൽ സംശയമുണ്ടെന്നും കോടതി വ്യക്തമാക്കി.
കേസിലെ ക്രമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകുകയും ചെയ്തു. ദേവസ്വം ബോർഡിന്റെ മിനിട്‌സ് പിടിച്ചെടുക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. കട്ടിളയിലും ദ്വാരപാലക ശിൽപത്തിലും മാത്രമായി അന്വേഷണം ഒതുങ്ങരുതെന്നും എല്ലാവരുടെയും പങ്ക് അന്വേഷിക്കണമെന്നും പ്രത്യേക അന്വേഷണസംഘത്തോട് ഹൈക്കോടതി നിർദേശിച്ചു.
സംഘടിത കൊള്ളതന്നെയാണ് ശബരിമലയിൽ നടന്നതെന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്.കോടതിയിൽ എസ്ഐടി സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് സൂചന. അടച്ചിട്ട മുറിയിൽ രഹസ്യ സ്വഭാവത്തിലായിരുന്നു കോടതി നടപടികൾ. ആറാഴ്ചയാണ് അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ പുരോഗതി അറിയിക്കാനുള്ള കോടതി നിർദേശത്തെ തുടർന്നാണ് എസ്.ഐ.ടി. ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്.
Sabarimala gold robbery; High Court rules against Devaswom Board, says it was an organized robbery













