
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ സംസാരിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി വിശ്വാസത്തോടെ ചുമതലകൾ ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെ കുറ്റപത്രം സമർപ്പിക്കുന്നതുവരെ കാത്തിരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ലെന്നും എല്ലാം തെരഞ്ഞെടുപ്പ് ചർച്ചയാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അന്വേഷണ സംഘം പാർട്ടി നേതാക്കളിലേക്ക് ക്രമേണ എത്തുന്നത് തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോൾ, തിടുക്കത്തിലുള്ള നടപടി ഗുണം ചെയ്യില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. പത്മകുമാർ നിലവിൽ കുറ്റാരോപിതനാണ്, കോടതി കുറ്റം തെളിയിക്കുമ്പോൾ മാത്രമേ പാർട്ടി നടപടി സ്വീകരിക്കൂ. എൻ. വാസു പോലുള്ളവർ ഉദ്യോഗസ്ഥരായിരുന്നെങ്കിലും പത്മകുമാർ പാർട്ടി അംഗമായിരുന്നതിനാൽ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ കൈകൾ ശുദ്ധമാണെന്നും ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
പ്രതിപക്ഷം സിപിഎം പത്മകുമാറിനെ സംരക്ഷിക്കുന്നുവെന്ന് കുറ്റപ്പെടുത്തുമ്പോൾ, ഹൈകോടതി മേൽനോട്ടത്തിലുള്ള അന്വേഷണത്തെ പാർട്ടി സ്വാഗതം ചെയ്തതായി ഗോവിന്ദൻ ഓർമിപ്പിച്ചു. അയ്യപ്പന്റെ ഒരു തരി സ്വർണം പോലും കൈക്കല്ലാക്കാൻ പാർട്ടി സമ്മതിക്കില്ലെന്ന് വ്യക്തമാക്കി. ഈ കേസ് തെരഞ്ഞെടുപ്പിൽ വിശ്വാസികളോടുള്ള പാർട്ടിയുടെ സത്യസന്ധത തെളിയിക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.















