ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി ചോദ്യം ചെയ്ത ഡി മണി താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ആത്മഹത്യ ചെയ്യുമെന്നും ഭീഷണിമുഴക്കി. മണിയുടെ സംഘാംഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്‌ഐടിയോട് പറഞ്ഞെന്നും ഡി മണി മാധ്യമങ്ങളോട് പ്രതികരിച്ചു. പൊട്ടിക്കരഞ്ഞായിരുന്നു ഡി മണിയുടെ പ്രതികരണം. തന്റെ പേര് ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നും ഡി മണി ആവര്‍ത്തിച്ചു.
എസ്‌ഐടിയോട് എല്ലാം പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് സഹകരിക്കും. എസ്‌ഐടിക്ക് മുന്നില്‍ ഞാന്‍ ഹാജരാകും. എന്നെ മോശമായാണ് ചിത്രീകരിക്കുന്നത്. ഞാന്‍ സാധാരണക്കാരനാണ്. പടിപടിയായാണ് വളര്‍ന്നത്. കേരളത്തിലേക്ക് അധികം വരാറില്ല. ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണ്. നമുക്ക് രണ്ടുപേര്‍ക്കും ഈ കേസുമായി ഒരു ബന്ധവുമില്ലെന്നും ഡി മണി പറഞ്ഞു.
കഴിഞ്ഞ ദിവസം ദിണ്ടിഗലില്‍ എത്തി ഡി മണിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും താന്‍ ഡി മണി അല്ലെന്നും പേര് എം എസ് മണി എന്നാണെന്നും എസ്‌ഐടിയോട് ഇയാള്‍ പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്തത് ഡി മണി തന്നെയാണെന്ന് എസ്‌ഐടി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രവാസി വ്യവസായിയെ ദൃശ്യങ്ങള്‍ കാണിച്ച് സ്ഥിരീകരിക്കുകയായിരുന്നു. ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇയാള്‍ പേര് മാറ്റി പറയുന്നതെന്നാണ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് ഡി മണിക്ക് എസ്ഐടി നോട്ടീസ് അയച്ചിട്ടുണ്ട്.
Sabarimala gold theft case; D Mani who was questioned by SIT said that he is innocent and should not hunt











