ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ് ഐ ടി ചോദ്യംചെയ്യതതിനു പിന്നാലെ മാധ്യമാങ്ങളോട് പ്രതികരിച്ച് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ചോദ്യം ചെയ്യലിൽ, കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് പരിചയമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ, വെറുമൊരു ശബരിമല ഭക്തനെന്ന നിലയിലും ക്ഷേത്രത്തിലേക്ക് സംഭാവനകൾ നൽകുന്ന വ്യക്തിയെന്ന നിലയിലുമാണ് അദ്ദേഹത്തെ അറിയുന്നതെന്ന് കടകംപള്ളി വ്യക്തമാക്കി.
തന്റെ ഔദ്യോഗിക കാലയളവിൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് യാതൊരു അപേക്ഷയും നൽകിയിട്ടില്ലെന്നും കടകംപള്ളി അറിയിച്ചു. സ്വർണപ്പാളികൾ മാറ്റുന്നത് സംബന്ധിച്ച തീരുമാനങ്ങളെല്ലാം ദേവസ്വം ബോർഡിന്റേതായിരുന്നുവെന്നും ഇത്തരം കാര്യങ്ങളിൽ വകുപ്പുമന്ത്രിയെന്ന നിലയിൽ തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ 2019-ൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ് പ്രധാനമായും അന്വേഷിച്ചത്.
നേരത്തെ, പ്രതിപക്ഷ നേതാക്കൾ കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രൻ വേദി പങ്കിടുന്ന ചിത്രങ്ങൾ പുറത്തു വന്നതും കേസിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. നിലവിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമാരുൾപ്പെടെ പത്തോളം പേർ ഈ കേസിൽ അറസ്റ്റിലായിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.














