ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണം സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി. ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ മൂന്നാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന കാര്യവും എസ് പി എസ് ശശിധരന്‍ കോടതിയെ അറിയിച്ചു. കേസില്‍ ഇനിയുമേറെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുണ്ട് എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്.
നാലും ആറും പ്രതികളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഹൈക്കോടതിയുടെ മുന്നിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്ന എസ് ജയശ്രീയെയും ശ്രീകുമാറിനെയും കൂടി ചോദ്യം ചെയ്താലേ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുക. ഒപ്പം ശാസ്ത്രീയ പരിശോധനാ ഫലം കൂടി പൂര്‍ണമായും വരണ്ടതും പലയിടങ്ങളിലും തെളിവെടുപ്പ് നടത്താനുള്ളതും പരിഗണിച്ചാണ് കോടതി ഒരു മാസം കൂടി സമയം അനുവദിച്ചത്. രണ്ടാം തവണയാണ് അധിക സമയം അനുവദിക്കുന്നത്.
അതേസമയം, കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മജിസ്ട്രേറ്റ് കോടതിയ്ക്ക് ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി. ഇഡിയുടെ ഹർജി റാന്നി കോടതി തള്ളിയിരുന്നു. ഇതിന് പിന്നലെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.
Sabarimala gold theft: High Court grants one more month to SIT










