ശബരിമല സ്വർണക്കൊള്ള: അന്താരാഷ്ട്ര ബന്ധം അന്വേഷിക്കണം, പോറ്റിയെ അവതരിപ്പിച്ച യഥാര്‍ത്ഥ ‘മൂര്‍ത്തി’ ആരെന്ന് കണ്ടെത്തണമെന്നും ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ അന്താരാഷ്ട്ര ബന്ധങ്ങൾ വരെ അന്വേഷിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്.ഐ.ടി.) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഈ ശക്തമായ ഇടപെടൽ. രാജ്യത്ത് നിന്നുള്ള അമൂല്യ വസ്തുക്കൾ കടത്തുന്ന സുഭാഷ് കപൂറിന്റെ റാക്കറ്റ് പോലുള്ള വലിയ അന്താരാഷ്ട്ര കടത്ത് സംഘങ്ങളുമായി ഈ തട്ടിപ്പിന് ബന്ധമുണ്ടോ എന്ന് കണ്ടെത്തണമെന്ന് കോടതി വ്യക്തമാക്കി. 2018 മുതൽ 2025 വരെ ദേവസ്വം ബോർഡ് ഭരണസമിതികളുടെ എല്ലാ ഇടപാടുകളും വിശദമായി അന്വേഷിക്കണമെന്നും എസ്.ഐ.ടിയോട് ആവശ്യപ്പെട്ടു.

ശബരിമലയിലെ അമൂല്യ വസ്തുക്കൾ പുറത്തേക്ക് കടത്തിയതിന്റെ സാധ്യതയും സ്വർണപ്പാളികളുടെ ‘റെപ്ലിക്ക’ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന്റെ സൂചനകളും അപരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിവാദത്തിന്റെ തുടക്കം ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2019-ലെ കെ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കാലഘട്ടത്തിലാണ് ഈ സംഭവം നടന്നത്. വാതിൽ കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ദേവസ്വം ബോർഡിന്റെ മരാമത്ത് വകുപ്പ് ചെയ്യേണ്ടതിന് പകരം, ഉണ്ണികൃഷ്ണൻ പോറ്റിയെ പരമാധികാരിയാക്കി കാര്യങ്ങൾ ഏൽപ്പിച്ചത് വിവാദമാക്കി.

പോറ്റിയെ സന്നിധാനത്ത് ഇത്ര വലിയ സ്ഥാനത്തേക്ക് അവതരിപ്പിച്ച യഥാർത്ഥ ‘മൂർത്തി’ (സ്പോൺസർ) ആരാണെന്ന് കണ്ടെത്താൻ എസ്.ഐ.ടിക്ക് കോടതി നിർദേശം നൽകി. ദ്വാരപാലക ശില്പങ്ങൾ വീണ്ടും അറ്റകുറ്റപ്പണിക്കായി അയച്ചതിൽ അനാവശ്യ തിടുക്ക് കാണിച്ചുവെന്നും കോടതി കണ്ടെത്തി. ജനുവരി മുതൽ സമയമുണ്ടായിരുന്നിട്ടും, മണ്ഡല മകരവിളക്ക് സീസൺ ആരംഭിക്കാനിരിക്കെ പെട്ടെന്ന് നടപടി സ്വീകരിച്ചത് സംശയാസ്പദമാണെന്ന് കോടതി വിമർശിച്ചു. സ്വർണപ്പാളികൾ അറ്റകുറ്റത്തിന് അയച്ചത് കോടതിയുടെ അനുമതിയില്ലാതെ, സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ നടത്തിയ നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

അയ്യപ്പന്റെ മൂർത്തി സംരക്ഷിക്കാനുള്ള പരമപ്രധാന ബാധ്യത ദേവസ്വം ബോർഡ് നിസ്സാരവത്കരിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സ്വർണപ്പാളികൾ പുറത്തെടുത്തതിന് ബോർഡ് പ്രസിഡന്റും അംഗങ്ങളും ഒപ്പിട്ടതിനെതിരെയും കടുത്ത വിമർശനം ഉയർത്തി. പി.എസ്. പ്രശാന്ത് നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി സർക്കാർ നീട്ടാൻ ആലോചിക്കുന്നതിനിടെ വന്ന ഈ കോടതി നിർദേശങ്ങൾ ശ്രദ്ധേയമാണ്. എസ്.ഐ.ടി അന്വേഷണം കൂടുതൽ ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ശബരിമല ഭക്തർ.

More Stories from this section

family-dental
witywide