
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിനെത്തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സിപിഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചുവെന്ന് പരിഹസിച്ച സതീശൻ, ഇനി ചോദ്യം ചെയ്യേണ്ടത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്ന് ആവശ്യപ്പെട്ടു. നിലവിലെ മന്ത്രി കെ. രാധാകൃഷ്ണന്റെയും വി.എൻ. വാസവന്റെയും അറിവോടെയാണ് കൊള്ള നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ സ്വർണവിഗ്രഹം വരെ ഇവർ കൊള്ളയടിക്കുമായിരുന്നുവെന്ന് സതീശൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമാണ് ഉത്തരവാദിയെങ്കിൽ ദേവസ്വം ബോർഡ് അന്ന് പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. പോറ്റി കുടുങ്ങിയാൽ പലരും കുടുങ്ങുമെന്ന് സിപിഎമ്മിന് നന്നായി അറിയാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അങ്ങേയറ്റം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടിയ സതീശൻ, സിപിഎമ്മിന്റെ അറിവോടെയാണ് കൊള്ള നടന്നതെന്ന് ആവർത്തിച്ചു. സ്വന്തം നേതാക്കൾ ജയിലിലേക്ക് പോകുമ്പോൾ പാർട്ടിക്ക് കുഴപ്പമില്ലെന്ന് പറയാൻ എം.വി. ഗോവിന്ദന് മാത്രമേ കഴിയൂവെന്ന് പരിഹസിച്ച അദ്ദേഹം, ഗോവിന്ദന്റെ പ്രതികരണത്തെ “അപാര തൊലിക്കട്ടി” എന്നും വിശേഷിപ്പിച്ചു. കോടതി ഇടപെടലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയതെന്നും അല്ലെങ്കിൽ നവീൻ ബാബു കേസിലെ പോലെ അന്വേഷണ ഉദ്യോഗസ്ഥരെ തന്നെ സ്ഥാനാർഥികളാക്കി മാറ്റിയേനെയെന്നും സതീശൻ കുറ്റപ്പെടുത്തി.













