ശബരിമല സ്വർണക്കൊള്ള: രാജ്യാന്തര ബന്ധമുണ്ടെന്ന വിവരം എസ്‌ഐടിക്ക് കൈമാറി രമേശ് ചെന്നിത്തല, മൊഴി നൽകി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുമ്പാകെ മൊഴി നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോഷണത്തിന് രാജ്യാന്തര പുരാവസ്തു കടത്തൽ സംഘവുമായി ബന്ധമുണ്ടെന്ന് തനിക്ക് ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘത്തോട് പങ്കുവെച്ചതായി ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ SIT മേധാവിക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി മൊഴി രേഖപ്പെടുത്തിയത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ലഭിച്ച വിവരങ്ങൾ മാത്രമാണ് കൈമാറിയതെന്നും ഇനി വസ്തുതകൾ കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലഭിച്ച മുഴുവൻ വിവരങ്ങളും SITന് നൽകിയിട്ടുണ്ടെന്ന് ചെന്നിത്തല ആവർത്തിച്ചു. തന്റെ കൈവശം തെളിവുകളില്ല, പകരം ഒരു വ്യവസായി പങ്കുവെച്ച വിവരങ്ങൾ മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ അന്താരാഷ്ട്ര ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി നേരത്തെ രംഗത്തെത്തിയ ചെന്നിത്തലയുടെ നടപടി അന്വേഷണത്തിന് പുതിയ ദിശ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചെന്നിത്തലയുടെ വാക്കുകൾ

ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് എനിക്ക് ലഭിച്ച വിവരങ്ങള്‍ ഞാന്‍ എസ്‌ഐടിയുടെ മുമ്പില്‍ പറയുകയുണ്ടായി. അവര്‍ അതെല്ലാം നോട്ട് ചെയ്തിട്ടുണ്ട്. ഈ മോഷണത്തിന് അന്തര്‍ദേശീയ ആന്റിക്‌സ് സ്മഗ്ലേഴ്‌സുമായി (International antiques smugglers) എങ്ങനെ ബന്ധമുണ്ട് എന്ന കാര്യമാണ് ഞാന്‍ അവരുടെ മുമ്പില്‍ പറഞ്ഞിട്ടുള്ളത്.
എനിക്ക് കിട്ടിയ വിവരങ്ങള്‍ ഞാന്‍ നേരത്തെ ഒരു കത്ത് മുഖേന എസ്‌ഐടി ചീഫ് ശ്രീ വെങ്കിടേഷിന് കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എന്നെ കണ്ട് മൊഴിയെടുക്കണം എന്നറിയിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ എനിക്കു ലഭിച്ച മുഴുവന്‍ വിവരങ്ങളും ഞാന്‍ പ്രത്യേകാന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഒരു പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്കു ലഭിച്ച വിവരങ്ങളാണ് കൈമാറിയത്. അല്ലാതെ തെളിവുകളല്ല. ഇനി അതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വസ്തുതകള്‍ കണ്ടെത്തേണ്ട ഉത്തരവാദിത്തം പ്രത്യേകാന്വേഷണ സംഘത്തിനാണ്.

കിട്ടിയ ഒരു ഇന്‍ഫര്‍മേഷന്‍ ഞാന്‍ ഒരിക്കലും പുറത്തിറിയിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അത് കൃത്യമായി വേണ്ടപ്പെട്ട അധികാരികളുടെ മുന്നില്‍ എത്തിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്റെ കടമയാണ്. എനിക്കു വിവരങ്ങള്‍ നല്‍കിയ വ്യവസായിയെ വിളിച്ചു വരുത്തണോ എന്നത് അന്വേഷണഉദ്യോഗസ്ഥര്‍ തീരുമാനിക്കണം.

ഞാന്‍ നല്‍കിയത് തെളിവുകളല്ല. എനിക്കു ലഭിച്ച വിവരങ്ങളാണ്. ഒരു പൊതുപ്രവര്‍ത്തകനും ഒരു സിറ്റിസണ്‍ എന്ന നിലയിലും ഇത്തരം കിട്ടിയ വിവരങ്ങള്‍ കിട്ടുമ്പോള്‍ അത് ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ കൈമാറുക എന്നുള്ളത് എന്റെ കടമയാണ്. ഒരു മുന്‍ ആഭ്യന്തര മന്ത്രി എന്ന നിലയിലും എന്റെ ഉത്തരവാദിത്തമാണ്. അവര്‍ എന്നെ വന്ന് കാണാമെന്ന് അന്വേഷണസംഘം പറഞ്ഞു. പക്ഷേ അവിടെ പോയി ഞാന്‍ മൊഴി കൊടുക്കാമെന്നു പറഞ്ഞു. എനിക്ക് കിട്ടിയ വിവരങ്ങള്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. ബഹുമാനപ്പെട്ട ഹൈക്കോടതി തന്നെ പറഞ്ഞു ഇന്റര്‍നാഷണല്‍ ആന്റിക്‌സ് സ്മഗ്ലേഴ്‌സ്, സുഭാഷ് കപൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഇന്‍വോള്‍വ് ചെയ്തിട്ടുണ്ട് എന്ന്. എനിക്ക് കിട്ടിയ ഈ വിവരങ്ങള്‍ ഇനി അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. അവര്‍ അന്വേഷിച്ച് അത് കണ്ടെത്തട്ടെ. വ്യവസായി പറഞ്ഞ കാര്യങ്ങള്‍ എല്ലാം എനിക്ക് പരസ്യമായി വെളിപ്പെടുത്താന്‍ കഴിയില്ല. കാരണം അത് അന്വേഷണത്തെ അത് സാരമായി ബാധിക്കുന്ന കാര്യങ്ങള്‍ ആയതുകൊണ്ട് ഞാന്‍ പറയുന്നത് ശരിയല്ല. എനിക്ക് കിട്ടിയ വിവരങ്ങള്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. ശബരിമലയില്‍ നിന്നു കാണാതെ പോയ സ്വര്‍ണപാളികള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. അത് എവിടെയാണ് എന്നത് കണ്ടെത്തേണ്ടതുണ്ട്.

Also Read

More Stories from this section

family-dental
witywide