ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ നിര്‍ണായക അറസ്റ്റുമായി എസ്ഐടി. കേസിൽ സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും സ്വർണം വാങ്ങിയ ബെല്ലാരി ഗോവർധനനുമാണ് അറസ്‌റ്റിലായത്. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്. ശിൽപങ്ങളിൽ നിന്ന് വേർതിരിച്ച സ്വർണം വാങ്ങിയത് ഗോവർധൻ ആണെന്നും പോറ്റിയും ഭണ്ഡാരിയും തമ്മിൽ അടുത്ത ബന്ധമാണെന്നും പൊലീസ് കണ്ടെത്തി.

ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ടുപോയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്കാണ് കൊണ്ടുപോയത്. അവിടെ വെച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ഗോവ‍ർദ്ധനന് കൊടുത്തു എന്നാണ് എസ്ഐടി കണ്ടെത്തല്‍. ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വർണം ഗോവർദ്ധന്‍റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

പിന്നീട് തന്ത്രിയുടെ മൊഴി എടുത്തപ്പോൾ തന്ത്രി പറഞ്ഞത് ഗോവർദ്ധനുമായി അടുത്ത ബന്ധമുണ്ടെന്നും ജ്വല്ലറിയില്‍ പോയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയാണ് പരിചയപ്പെടുത്തിയതെന്നുമാണ്. എന്നാൽ, പങ്കജ് ഭണ്ഡാരി ആദ്യം തെറ്റായ മൊഴിയാണ് നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ആദ്യം പറഞ്ഞത് സ്വർണപ്പാളികൾ തന്‍റെ സ്ഥാപനത്തില്‍ എത്തിച്ചിട്ടില്ല എന്നും ചെമ്പുപൂശിയ പാളികളാണ് എത്തിയത്. കൂടാതെ സ്വർണം പൂശിയ പാളികൾ താൻ ഏറ്റെടുക്കുകയോ സ്വർണം പൂശുകയോ ചെയ്യില്ല എന്നും ഇയാൾ പറഞ്ഞിരുന്നു. ഈ മൊഴിയാണ് അന്വേഷണ സംഘത്തിന് വലിയ സംശയങ്ങൾ ഉണ്ടാക്കിയത്.

അതേസമയം, സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. എസ്ഐടിക്കെതിരെയും രൂക്ഷ വിമര്‍ശനം കോടതി ഉന്നയിച്ചു. കേസ് അന്വേഷണത്തിൽ അലംഭാവം കാണിക്കരുതെന്നും അന്വേഷണം ഉന്നതരിലേക്ക് നീങ്ങണമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Sabarimala gold theft; Smart Creations CEO Pankaj Bhandari and Bellary Govardhan arrested

More Stories from this section

family-dental
witywide