ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യവെച്ചത് രാജ്യാന്തര വിഗ്രഹക്കടത്താണോയെന്ന് സംശയം പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. രാജ്യാന്തര വിഗ്രഹം വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറിനെന്റെ ഓപ്പറേഷനുകൾക്ക് സമാനമായ നീക്കമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത് എന്നും ശബരിമലയിലെ വിശുദ്ധ വസ്തുക്കളുടെ പകർപ്പ് ഉണ്ടാക്കി അന്തരാഷ്ട്ര മാർക്കറ്റിൽ വിറ്റ് പണം തട്ടിപ്പ് ശ്രമിച്ചതായി സംശയമെന്നും കോടതി വ്യക്തമാക്കി. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
ശബരിമലയിലെ വാതിലിന്റെയും, കട്ടിളപ്പടിയുടെയും, ദ്വാരപാലക ശിൽപത്തിന്റെയും പകർപ്പ് എടുത്തത് നിയമ വിരുദ്ധമാണെന്നും ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യമെന്നും എന്നാൽ പോറ്റിക്ക് ഉദ്യോഗസ്ഥർ അമിത സ്വാതന്ത്ര്യം നൽകിയെന്നും പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നും കോടതി പറഞ്ഞു.
ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം. ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണമെന്നും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന് പരിശോധിക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി പറഞ്ഞു.
കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകിയ ഹൈക്കോടതി ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് നിർദേശം നൽകി. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
Sabarimala: High Court expresses suspicion that the potty was targeting international idol smuggling













