തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ദ്വാരപാലക ശില്പങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു; നാളെ മേൽശാന്തി നറുക്കെടുപ്പ്

ശബരിമല ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശില്പങ്ങളിൽ സ്വർണപ്പാളികൾ വീണ്ടും പതിപ്പിച്ചു. ഇന്ന് വൈകീട്ട് നാല് മണിയോടെ നട തുറന്നതിന് പിന്നാലെ ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിരിച്ചെത്തിച്ച സ്വർണപ്പാളികൾ സ്ട്രോങ്ങ് റൂമിൽ നിന്ന് എടുത്ത് സ്ഥാപിക്കൽ ആരംഭിച്ചു. മാന്നാർ അനന്തൻ ആചാരിയും മകൻ അനു അനന്തനും ചേർന്ന് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കി. തീർഥാടകരുടെ ദർശനത്തിന് തടസ്സമുണ്ടാകാതെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിലാണ് പുനഃസ്ഥാപനം നടന്നത്.

നാളെ തുലാമാസ പുലരിയിൽ ഉഷഃപൂജയ്ക്ക് ശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും. തുലാമാസ പൂജകൾക്കായി നട തുറന്നതോടെ ഭക്തരുടെ ഒഴുക്ക് വർധിച്ചു. നാളെ മുതൽ 22 വരെ ദിവസേന ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ നടക്കും. ചിത്തിര ആട്ടവിശേഷം പ്രമാണിച്ച് 21ന് വിശേഷാൽ പൂജകളും ക്രമീകരിച്ചിട്ടുണ്ട്.

22ന് രാത്രി 10 മണിക്ക് നട അടയ്ക്കും. മാസപൂജകൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ശബരിമലയിലെ പൂജാ കർമങ്ങൾക്ക് ഇത് പുതിയ ഊർജം നൽകുമെന്ന് ഭക്തർ പ്രതികരിച്ചു.

More Stories from this section

family-dental
witywide