ഇനി ശരണ മന്ത്രത്തിൻ്റെ നാളുകൾ; ശബരിമല നട ഇന്ന് തുറക്കും

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. പ്രതിദിനം തൊണ്ണൂറായിരം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ ഇന്ന് സന്നിധാനത്ത് എത്തും.

വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോള്‍ പുതിയ ശബരിമല മേല്‍ശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം ജി മനുവും സ്ഥാനമേല്‍ക്കും. മറ്റന്നാള്‍ മുതല്‍ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കും. നിര്‍മ്മാല്യം അഭിഷേകം 3 മുതല്‍ 3.30 വരെ നടക്കും. ഉഷ പൂജ 7.30 മുതല്‍ 8 വരെ നടക്കും. 12 മണിക്കാണ് ഉച്ച പൂജ. 6.30ന് ദീപാരാധനയും രാത്രി 9.15 മുതല്‍ അത്താഴ പൂജയും നടക്കും. 10.45ന് ഹരിവരാസനം ചൊല്ലി 11.00 മണിയോടെ നട അടയ്ക്കും.

അതേസമയം, മണ്ഡലകാല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യങ്ങളും സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കി. കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അടിയന്തര കാര്‍ഡിയോളജി ചികിത്സയും കാത്ത് ലാബ് ചികിത്സയും ലഭ്യമാക്കി. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഉടനടി ചികിത്സ ലഭ്യമാക്കാനായുള്ള സംവിധാനമുള്‍പ്പെടെയുള്ള കനിവ് 108 ആംബുലന്‍സ് സേവനങ്ങള്‍ ലഭ്യമാക്കി. സന്നിധാനത്ത് നിന്നും പമ്പയിലേക്ക് പ്രത്യേക ആംബുലന്‍സ് സേവനവും ലഭ്യമാക്കി.

Sabarimala temple to open today

More Stories from this section

family-dental
witywide