ശബരിമല ട്രാക്ടർ യാത്ര; എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപി റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമലയിലേക്ക് ട്രാക്ടറിൽ യാത്ര ചെയ്തതിൽ എഡിജിപി എംആ‍ര്‍ അജിത് കുമാറിന് വീഴ്ചയുണ്ടായതായി ഡിജിപി റവാഡ ചന്ദ്രശേഖ‍റിന്റെ അന്വേഷണ റിപ്പോർട്ട്. ശബരിമല സന്നിധാനത്ത് ചട്ടം ലംഘിച്ച് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചു. ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഡിജിപി കർശന നിർദ്ദേശം നൽകിയതായാണ് വിവരം. വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ നടപടിക്ക് ശുപാർശകളില്ലാതെയാണ് റിപ്പോർട്ട്. ശബരിമല യാത്രയുടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അപകടസാധ്യതയും അലക്ഷ്യമായി ഓടിക്കുന്നതും കാരണം 2021-ൽ ഹൈക്കോടതി ട്രാക്ടറുകളിൽ ആളുകൾ യാത്ര ചെയ്യുന്നത് നിരോധിച്ചിരുന്നു. സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ് ട്രാക്ടറുകൾ. എന്നാൽ, ഈ ഉത്തരവ് ലംഘിച്ചാണ് എഡിജിപി അജിത് കുമാർ ട്രാക്ടറിൽ യാത്ര ചെയ്തത്. പൊലീസ് ട്രാക്ടറിൽ മങ്കി ക്യാപ് ധരിച്ച് സഹായികളായ പൊലീസുകാർക്ക് ഒപ്പം 12-ാം തീയതി രാത്രിയാണ് എം.ആ‍ര്‍. അജിത് കുമാർ ട്രാക്ടറിൽ സന്നിധാനത്ത് എത്തി ദർശനം നടത്തിയത്. തുടർന്ന് അതേ ട്രാക്ടറിൽ തന്നെ തിരിച്ച് ഇറങ്ങുകയും ചെയ്തു ഇതോടെ ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതി ഉത്തരവാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എം ആർ അജിത് കുമാർ ലംഘിച്ചത്.

ഡിജിപിയുടെ പേരിലുള്ള പൊലീസിൻ്റെ ട്രാക്ടറിലെ എഡിജിപിയുടെ യാത്ര പുറംലോകം അറിഞ്ഞതോടെ അജിത് കുമാറിനെ സംരക്ഷിക്കാൻ ഡ്രൈവറെ പ്രതിയാക്കിയാണ് പമ്പ പൊലീസ് കേസെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് ട്രാക്ടർ ഓടിച്ച പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്തതിൽ പൊലീസ് സേനയ്ക്ക് ഉള്ളിൽ അമർഷം രൂപപ്പെട്ടു. ശബരിമലയിൽ പ്രത്യേക പരിഗണന എഡിജിപിക്ക് നൽകിയെന്ന ആക്ഷേപവും ശക്തമാണ്. വിഷയം ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി എഡിജിപിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.

More Stories from this section

family-dental
witywide