
ഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷപ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ വളർച്ചയും ഉയർച്ചയും ‘സർവ്വാധികാര മനോഭാവമുള്ള സബ് കേ ബോസിന്’ ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയുടെ പുരോഗതി തടയാൻ ഒരു ശക്തിക്കും കഴിയില്ലെന്നും, ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ രാജ്യം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. ആഗോള വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വില ഉയർത്താനുള്ള ചില രാജ്യങ്ങളുടെ ശ്രമങ്ങൾ ശക്തമായി ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മെയ്ക്ക് ഇൻ ഇന്ത്യ’ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ മത്സരക്ഷമത ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്നാഥ് സിംഗ് അവകാശപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തികവും സൈനികവുമായ കരുത്ത് ലോകരാജ്യങ്ങൾക്കിടയിൽ ഉയർന്നുവരുന്നത് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, ഇന്ത്യയുടെ വികസന പാതയിൽ തടസ്സങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതിരോധ, സാങ്കേതിക മേഖലകളിൽ ഇന്ത്യ സ്വന്തം കാലിൽ ഉറച്ചുനിൽക്കുമെന്നും, ആഗോള ശക്തിയായി മാറുന്നതിനുള്ള യാത്ര തുടരുമെന്നും രാജ്നാഥ് വ്യക്തമാക്കി.
നേരത്തെ 50 ശതമാനം തീരുവ ഏർപ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളി നേരിടുന്നതിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം ഇന്ത്യ റദ്ദാക്കിയിരുന്നു. മോദി നേരത്തെ നടത്തിയ സന്ദർശനത്തിന്‍റെ തുടർച്ചയായുള്ള പ്രതിരോധ മന്ത്രിയുടെ സന്ദർശനമാണ് റദ്ദാക്കിയത്. അമേരിക്കൻ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും മറ്റേതെങ്കിലും രാജ്യവും അമേരിക്കയുമായുള്ള വ്യാപാര ബന്ധവും കൂട്ടിക്കുഴയ്ക്കേണ്ട കാര്യം ട്രംപിനില്ല. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ വലിയ വിട്ടുവീഴ്ചക്ക് ഇന്ത്യ തയ്യാറാകില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.