സെയ്ഫിന്റെ ആരോഗ്യനിലയില്‍ നിര്‍ണായക പുരോഗതി, മുറിയിലേക്ക് മാറ്റി, തിങ്കളാഴ്ചയോടെ ആശുപത്രിവിടാനാകും

മുംബൈ: വീട്ടില്‍ അതിക്രമിച്ചുകയറിയ ആളുടെ കുത്തേറ്റ് ഗുരുതര പരുക്കേറ്റ നടന്‍ സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയില്‍ പുരോഗതി. നടന്‍ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയോടെ ആശുപത്രിവിടാനാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം നടനെ ആക്രമിച്ചയാളെക്കുറിച്ച് പൊലീസിന് നിരവധി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ തന്നെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ പറഞ്ഞിരുന്നു. പ്രതിയുമായി മുഖസാദൃശ്യമുള്ള ഒരാളെ ഇന്നലെ കസ്റ്റഡിയിലെടുത്തു, അക്രമി പിടിയിലായെന്ന് ഇതോടെ പലരും വിശ്വസിച്ചു. എന്നാല്‍ സെയ്ഫ് അലി ഖാന്‍ കേസുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് തന്നെ പിന്നീട് പറഞ്ഞു. എന്നാല്‍ ഇയാള്‍ നല്‍കിയ മൊഴിയിലെ വ്യത്യാസം കണ്ടെത്തിയ പൊലീസ് ഇയാളെ വീണ്ടും ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

നഗരത്തിലെ ക്രമസമാധാനനിലയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇതോടെ നടനെതിരായ ആക്രമണം രാഷ്ട്രീയമായും മാറി. മാത്രമല്ല, മുംബൈ സുരക്ഷിതമല്ലെന്ന പ്രചാരണവും കൊഴുത്തു, ഇതോടെ ഇത്തരത്തില്‍ പറയുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മറുപടി നല്‍കിയിരുന്നു.