
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്തയാൾ പ്രതിയല്ലെന്ന് മുംബൈ പൊലീസ്. കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി മുംബൈ പൊലീസ്, പ്രതിയെന്നു സംശയിച്ച് കസ്റ്റഡിയിലെടുത്തയാൾക്ക് രൂപസാദൃശ്യം മാത്രമാണുള്ളതെന്നും വിവരിച്ചു. ഇയാൾക്ക് കേസുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും പൊലീസ് പറഞ്ഞു. എന്നാൽ രണ്ടാം ദിവസം പിന്നിടുമ്പോഴും യഥാർത്ഥ പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇപ്പോഴും ഇരുട്ടിൽ തന്നെയെന്ന് സാരം.
അതേസമയം സെയ്ഫിന്റെ ശരീരത്തില്‍ നിന്നും പുറത്തെടുത്ത കത്തിയുടെ ഭാഗം കൈപ്പറ്റിയതായും ബാക്കി ഭാഗത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുള്ളതായും പൊലീസ് അറിയിച്ചു. ആക്രമണവുമായി ഏതെങ്കിലും അധോലോക സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും മോഷണശ്രമം മാത്രമാണ് നടന്നതെന്നുമാണ് നിഗമനമെന്നും മഹാരാഷ്ട്ര ആഭ്യന്തര നഗര വികസന സഹമന്ത്രി യോഗേഷ് കദം പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ ബാന്ദ്ര വെസ്റ്റിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തില്‍ വെച്ച് നടന്‍ ആക്രമിക്കപ്പെട്ടത്. ശരീരത്തിൽ ആറുതവണ കുത്തേറ്റ സെയ്ഫിനെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവരികയാണ്. മൂന്നുദിവസത്തിന് ശേഷം സെയ്ഫിനെ ഡിസ്ചാർജ് ആക്കാമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.