
ലണ്ടന്‍: ഇംഗ്ലണ്ടില്‍ ശമ്പള വര്‍ധനയ്ക്കായി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ഇന്നു രാവിലെ മുതല്‍ അഞ്ചുദിവസത്തെ തുടര്‍ച്ചയായ വാക്കൗട്ട് സമരത്തിലേക്കാണ് ഡോക്ടര്‍മാര്‍ കടക്കുക. റസിഡന്റ് ഡോക്ടര്‍മാരാണ് വാക്കൗട്ട് സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്.
ഡോക്ടര്‍മാര്‍ സമരത്തിലേക്ക് കടക്കുന്നതോടെ രാജ്യത്തെ ആരോഗ്യമേഖല സ്തംഭിക്കുമെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ മാസങ്ങള്‍ നീളുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശമ്പള പ്രശ്‌നം പരിഹരിക്കാനായി നടത്തിയ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് നേരത്തെ നിശ്ചയിച്ചപ്രകാരം ഡോക്ടര്‍മാര്‍ സമരത്തിലേക്ക് കടക്കുന്നത്. ഇന്നു രാവിലെ ഏഴു മുതല്‍ ബുധനാഴ്ച രാവിലെ ഏഴു വരെയാണ് അഞ്ചുദിവസം നീളുന്ന വാക്കൗട്ട് സമരം.
അതേസമയം, സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഇന്നലെ രാത്രിയും പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമെര്‍ ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചു. യൂണിയന്‍ തീരുമാനത്തിനു വഴങ്ങി സമരത്തിലൂടെ ആരോഗ്യമേഖലയെ തളര്‍ത്താന്‍ കൂട്ടുനില്‍ക്കരുതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ സമരം അനിവാര്യമാണ് എന്നായിരുന്നു ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്റെ പ്രതികരണം.