ഗാലക്‌സി ട്രൈഫോള്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉടൻ; മൂന്നായി മടക്കി പോക്കറ്റിലിടാം

മടക്കി പോക്കറ്റിലിടാൻ കഴിയുന്ന പുതിയ ആൻഡ്രോയിഡ് സ്മാർട്ഫോണുമായി സാംസങ് വരുന്നു. ജൂലായില്‍ സാംസങിന്റെ പുതിയ ട്രൈഫോള്‍ഡ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2023 ഒക്ടോബറില്‍ നടന്ന സാംസങ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് കമ്പനി തങ്ങളുടെ ഗാലക്‌സി ജി ഫോള്‍ഡ് എന്ന പേരുള്ള ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്ട്ഫോണ്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ഗാലക്‌സി സെഡ് ഫോള്‍ഡ് 7, സെട് ഫ്‌ളിപ്പ് 7 എന്നിവയ്‌ക്കൊപ്പമാവും ട്രൈഫോള്‍ഡ് സ്മാര്‍ട്ട്ഫോണും പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക ലോഞ്ചിങ് ജൂലായ് 9 ന് നടക്കുന്ന ഗാലക്‌സി വാച്ച് 8 ലൈനപ്പിനൊപ്പം ഉണ്ടാകുമെന്നും ഈ വർഷാവസാനം ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ലോകത്തെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയതിന്റെ നേട്ടം സ്വന്തമാക്കിയത് സാംസങിന്റെ എതിരാളിയായ വാവേയ് ആണെങ്കിലും ട്രിപ്പിൾ ഫോൾഡബിൾ ഡിസ്പ്ലേയുള്ള ആദ്യ ആൻഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുന്നത് സാംസങ് ആണ്. വാവേയുടെ ട്രിപ്പിള്‍ ഫോള്‍ഡ് ഫോണില്‍ നിന്ന് വ്യത്യസ്തമായി രണ്ട് വശങ്ങളില്‍ നിന്ന് മടക്കും വിധമായിരിക്കും സാംസങിന്റെ ട്രിപ്പിള്‍ ഫോള്‍ഡ് സ്‌ക്രീന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വാവേയുടെ ട്രിപ്പിള്‍ ഫോള്‍ഡ് ഡിസ്‌പ്ലേ മടക്കുന്നത് S അല്ലെങ്കില്‍ Z ആകൃതിയിലാണ്. സാംസങ് ട്രിപ്പിള്‍ ഫോള്‍ഡ് ഡിസ്‌പ്ലേ സ്‌ക്രീനിന്റെ രണ്ട് വശങ്ങളും G ആകൃതിയിലായിരിക്കും മടക്കുക. ഗാലക്‌സി ജി ഫോള്‍ഡ് എന്ന് പേരിടാനുള്ള കാരണവും ഇതാണ്. കമ്പനി ഇതുവരെ ഫോണിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.