
ടോക്കിയോ: ജാപ്പനീസ് ചരിത്രത്തിൽ ആദ്യമായി വനിത പ്രധാനമന്ത്രിയാകാൻ സനേ തകായിച്ചി ഒരുങ്ങുന്നു. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) സനേയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തതോടെ, ജപ്പാന്റെ പ്രധാനമന്ത്രി പദവിയിലേക്ക് ആദ്യമായി ഒരു സ്ത്രീ എത്തുകയാണ്. 64 വയസ്സുള്ള സനേ, മുൻ പ്രധാനമന്ത്രി ജൂനിചിരോ കൊയ്‌സുമിയുടെ മകനും മതവാദിയുമായ ഷിന്‍ജിറോ കൊയിസുമിയെ പരാജയപ്പെടുത്തിയാണ് എൽഡിപി നേതൃസ്ഥാനം നേടിയത്.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന ഷിഗെരു ഇഷിബയുടെ പിൻഗാമിയെ തീരുമാനിക്കുന്നതിനുള്ള ഔദ്യോഗിക തിരഞ്ഞെടുപ്പ് ഒക്ടോബർ 15-ന് നടക്കും. പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നെങ്കിൽ, 44 വയസ്സുള്ള ഷിഗെരു ഇഷിബ ഒരു നൂറ്റാണ്ടിനുശേഷം ജപ്പാന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകുമായിരുന്നു.
എൽഡിപി നേതൃത്വം തിരഞ്ഞെടുക്കാൻ ശനിയാഴ്ച നടന്ന യോഗത്തിൽ 295 പാർലമെന്റ് അംഗങ്ങൾ പങ്കെടുത്തു. യുദ്ധാനന്തര കാലഘട്ടത്തിൽ ജപ്പാനെ ഭൂരിഭാഗവും ഭരിച്ചത് എൽഡിപിയാണെങ്കിലും, ഷിഗെരു ഇഷിബയുടെ നേതൃത്വത്തിൽ പാർട്ടിയും സഖ്യകക്ഷികളും പാർലമെന്റിന്റെ ഇരു സഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു.
“വോട്ടർമാരുടെ ആശങ്കകളെ പ്രതീക്ഷയിലേക്ക് മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നു,” എന്നാണ് തകായിച്ചി തന്റെ വിജയപ്രസംഗത്തിൽ പറഞ്ഞത്.
ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിനെ തന്റെ രാഷ്ട്രീയ പ്രചോദനമായി അവർ പലപ്പോഴും പരാമർശിച്ചിട്ടുണ്ട്. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന തകായിച്ചി, ശക്തമായ ദേശീയവാദ നിലപാടുകൾക്കും മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സാമ്പത്തിക പദ്ധതിയായ ‘അബെനോമിക്സിനെ’ പിന്തുണയ്ക്കുന്നയാളാണ്.















