
തിരുവനന്തപുരം: നാവിക ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4:20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിക്കുക. തുടര്‍ന്ന് നാവികദിന ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നാവിക സേന അഭ്യാസങ്ങള്‍ വീക്ഷിക്കും. ഡിസംബര്‍ 4ന് രാവിലെ 9.45 ന് രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.
ആഘോഷ പരിപാടികള്‍ക്ക് മുന്നോടിയായി ശംഖുമുഖം ബീച്ചില്‍ നടന്ന ഫുള്‍ ഡ്രസ്സ് റിഹേഴ്‌സല്‍ കാണാന്‍ നിരവധിപ്പേരാണ് എത്തിയത്. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേഷ് കെ ത്രിപാഠിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ നാവികസേനയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററില്‍നിന്നുള്ള എയര്‍ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ സേനയുടെ ഉള്‍ക്കരുത്തിന്റെയും നീക്കങ്ങളിലെ കൃത്യതയുടേയും മികവ് എടുത്തുകാട്ടി.
Sankhumugham gears up for Navy Day celebrations.















