പ്രധാനമന്ത്രിയെ കുറിച്ച് മോശമായി സംസാരിക്കുന്നു, വിജയ്​യുടെ മുഖത്തടിക്കണമെന്ന് നടന്‍ രഞ്ജിത്ത്

സൂപ്പര്‍താരവും ടിവികെ നേതാവുമായ വിജയ്​യുടെ മുഖത്തടിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് നടന്‍ രഞ്ജിത്ത്. പ്രധാനമന്ത്രിയെ കുറിച്ച് മോശമായി സംസാരിക്കുന്നതിനാണ് അടി കൊടുക്കേണ്ടത്. വിജയ്​യുടെ തലയ്ക്ക് നല്ല സുഖമില്ലെന്നും രഞ്ജിത്ത് കോയമ്പത്തൂരില്‍ പറഞ്ഞു. 2014 ഏപ്രില്‍ 16ന് മോദിയെ കാണാന്‍ കോയമ്പത്തൂരില്‍ ഒരു പൂച്ചക്കുട്ടിയെ പോലെയാണ് വന്നിരുന്നത്. അതെല്ലാം മറന്ന് കൈ ചുഴറ്റി ‘മിസ്റ്റര്‍ മോദി’ എന്നാണ് ഇന്ന് പറയുന്നതെന്നും രഞ്ജിത്ത് കുറ്റപ്പെടുത്തി.

മുസ്​ലിം ജനതയെ മോദി വഞ്ചിച്ചുവെന്നാണ് വിജയ്​ പറയുന്നത്. അങ്ങനെയൊരാളെ കാണാന്‍ എന്തിനാണ് അന്ന് വന്നത്? ഇതാണോ സംസ്കാരം? പ്രശസ്തിക്കായും തൊഴില്‍ ഇല്ലാത്തത് കൊണ്ടുമല്ല താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നാണ് വിജയ് പറയുന്നത്. ആരാണ് സിനിമയില്ലാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്? എംജിആറോ? അതോ ജയലളിതയോ? അതോ ക്യാപ്റ്റന്‍ വിജയകാന്തോ? ഇവരാരുമല്ല. ഇനി കമല്‍ഹാസനെ ഉദ്ദേശിച്ചായിരിക്കാം പറഞ്ഞതെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

പഴയതൊന്നും വിജയ്​ മറക്കരുത്. താനൊരു വോട്ടറാണ്, പൗരനാണ്, പ്രധാനമന്തി പിതൃതുല്യനാണ്. അദ്ദേഹത്തെ കുറിച്ച് കൈ ഞൊടിച്ച് മോശമായി സംസാരിക്കുമ്പോഴെല്ലാം തന്‍റെ ഹൃദയം വേദനിച്ചുവെന്നും രഞ്ജിത്ത് പറഞ്ഞു. വിനായക ചതുര്‍ഥി ആഘോഷത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴാണ് വിജയ്​ക്കെതിരെ രഞ്ജിത്ത് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. രാജമാണിക്യം, ചന്ദ്രോല്‍സവം തുടങ്ങിയ സിനിമകളിലെ രഞ്ജിത്തിന്‍റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.

More Stories from this section

family-dental
witywide