
റിയാദ്: നയതന്ത്രതലത്തിലെ ബന്ധം ദൃഢമാക്കി സൗദി അറേബ്യയും ഖത്തറും. അതി നിർണായക ചർച്ചകൾക്കായി സൗദിയിലെത്തിയ ഖത്തർ അമീറിന് വൻ സ്വീകരണമാണ് സൗദി കിരീടാവകാശി സൽമാൻ രാജകുമാരന്‍റെ നേതൃത്വത്തിൽ ഒരുക്കിയത്. ഖത്തർ അമീറിന്‍റെ സന്ദർശനത്തിൽ നിർണായക കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോർട്ട്. എണ്ണയിതര വരുമാന സാധ്യതകളും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്യും.
വിയോജിപ്പുകൾ മറന്ന് അൽ – ഉല കരാറിന് ശേഷമുള്ള സഹകരണം കൂടുതൽ ശക്തമാകുന്നതാണ് സൗദി – ഖത്തർ സഹകരണ കൗൺസിലിന്‍റെ എട്ടാമത് പ്ലീനറി സമ്മേളനത്തിൽ സൗദിയിൽ നിന്നുള്ള കാഴ്ച്ചകളെല്ലാം. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കൊപ്പം പ്രധാനമന്ത്രിയുും ഉന്നതതല പ്രതിനിധി സംഘമാണ് സൗദിയിലെത്തിയത്. അൽ യമാമ കൊട്ടാരത്തിലാണ് സുപ്രധാന ചർച്ചകൾ നടക്കുക. സൗദി – ഖത്തർ സഹകരണ കൗൺസിൽ യോഗത്തിന് ഖത്തർ അമീറും സൗദി കിരീടാവകാശിയും ചേർന്ന് അധ്യക്ഷം വഹിച്ചു. ഇരുരാജ്യങ്ങളിലെയും നേതാക്കൾ, മന്ത്രിമാർ, ഉന്നതതല സംഘം എന്നിവർ പരസ്പരം ബന്ധം ദൃഢമാക്കുന്നതിനായിരുന്നു വേദി സാക്ഷ്യം വഹിച്ചത്.
2021 ൽ അൽ ഉല കരാറോട് കൂടിയാണ് സൗദി – ഖത്തർ കോർഡിനേഷൻ കൗൺസിൽ ഉണ്ടായത്. ഊർജ്ജം, സുരക്ഷ, വ്യാപാരം, നിക്ഷേപം, സംസ്കാരം, ടൂറിസം എന്നിവയിലാണ് ഊന്നൽ. നിലവിൽ നൂറിലധികം സംയുക്ത പദ്ധതികളുണ്ട്. ഖത്തർ സോവറിൻ വെൽത്ത് ഫണ്ട് സൗദിയിലെ നിക്ഷേപം വർധിപ്പിക്കും. എണ്ണയിതര വരുമാന സാധ്യതകൾ ചർച്ചയായേക്കും. കായികമേഖലയിൽ സഹകരണം പ്രധാനമാണ്. ഖത്തറിൽ ഈ വർഷം ഫിഫ അറബ് കപ്പ്, സൗദിയിൽ 2030 ൽ വേൾഡ് എക്സ്പോ, സൗദിയിൽ 2034ൽ ഫിഫ ലോകകപ്പ് എന്നിവ വരാനിരിക്കുന്നതും ചർച്ചയായിട്ടുണ്ട്.















