സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം; ആരാധനാലയങ്ങളുടെയും സ്‌കൂളുകളുടെയും അടുത്ത് വിൽപന അനുവദിക്കില്ല

സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏർപ്പെടുത്തി. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമത്തിന് സൗദി മൂന്നിസിപ്പാലിറ്റി ആന്റ് ഹൗസിംഗ് മന്ത്രാലയമാണ് അംഗീകാരം നല്‍കിയത്. ആരാധനാലയങ്ങളുടെയും സ്‌കൂളുകളുടെയും 500 മീറ്റര്‍ ചുറ്റളവില്‍ ഇനി പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പന അനുവദിക്കില്ല. ഷിഷ കടകള്‍ക്കും, കടകളിലെ സിഗരറ്റ് വില്‍പ്പനയ്ക്കും നിയമം ബാധകമാണ്. പൊതുജനാരോഗ്യവും സുരക്ഷിതമായ വാണിജ്യാന്തരീക്ഷവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണം.

ഈ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി വാണിജ്യ രജിസ്ട്രഷേന്‍, സിവില്‍ ഡിഫന്‍സ് അംഗീകാരം, ബലദിയ ലൈസന്‍സ് തുടങ്ങിയവ അനുവദിക്കുക. 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്നും, വാങ്ങുന്നവരോട് പ്രായം തെളിയിക്കുന്ന രേഖകള്‍ ചോദിക്കാന്‍ വില്‍പ്പനക്കാര്‍ക്ക് അവകാശമുണ്ടെന്നും നിയമം പറയുന്നു.