
ഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററിൽ വിനായക് ദാമോദർ സവർക്കറെ മഹാത്മാ ഗാന്ധിക്ക് മുകളിൽ പ്രതിഷ്ഠിച്ചത് വൻ വിവാദത്തിന് വഴിവെച്ചു. “സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരരെ അനുസ്മരിക്കുന്നു, ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും സ്വാതന്ത്ര്യാഭിവൃദ്ധി” എന്ന വാചകത്തോടൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഗാന്ധിജിക്കൊപ്പം സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സവർക്കറെ പ്രമുഖ സ്ഥാനത്ത് ചിത്രീകരിച്ചത് ഗാന്ധിജിയെയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കാനുള്ള ശ്രമമാണെന്ന് ആരോപിച്ച് കോൺഗ്രസ് രൂക്ഷമായ വിമർശനം ഉയർത്തി.
ഹർദീപ് സിംഗ് പുരി നയിക്കുന്ന പെട്രോളിയം മന്ത്രാലയത്തിൽ തൃശൂർ എംപി സുരേഷ് ഗോപി സഹമന്ത്രിയാണ്. “ആരാണ് സവർക്കർ?” എന്ന് ചോദിച്ച കോൺഗ്രസ്, സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ സംഭാവനകളെ തമസ്കരിക്കാനുള്ള ബോധപൂർവമായ നീക്കമാണ് ഈ പോസ്റ്റർ എന്ന് ആരോപിച്ചു. സവർക്കറുടെ ചരിത്രപരമായ പങ്കിനെ ചൊല്ലി രാഷ്ട്രീയ വാഗ്വാദങ്ങൾ ശക്തമാകുന്നതിനിടെ, ഈ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.