
സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ് വഴി നടന്ന കോടികളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. തൃശൂർ സ്വദേശി സ്വാതിക് റഹീം ഉടമയായ ഈ സ്ഥാപനത്തിൽ ജയസൂര്യയ്ക്ക് സാമ്പത്തിക പങ്കാളിത്തമുണ്ടോ എന്നും അദ്ദേഹം സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചിരുന്നോ എന്നുമാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഈ മാസം 24-നും ജയസൂര്യയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
2019-ൽ വലിയ പ്രചാരണത്തോടെ ആരംഭിച്ച സേവ് ബോക്സ് ആപ്പ്, കുറഞ്ഞ നിക്ഷേപത്തിൽ വലിയ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചത്. 25,000 രൂപ നിക്ഷേപിച്ചാൽ മാസം 5 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ലാഭവിഹിതം ലഭിക്കാതായതോടെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തുകയും, 2023-ൽ ഉടമ സ്വാതിക് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ക്രിപ്റ്റോ ഏജൻസി, ഡെലിവറി ഫ്രാഞ്ചൈസി എന്നിങ്ങനെ വിവിധ പദ്ധതികളുടെ പേരിലും ഇയാൾ പണം തട്ടിയതായി ആരോപണമുണ്ട്.
സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ള സ്വാതിക് റഹീം, പ്രമുഖ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ഉപയോഗിച്ചാണ് നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്തത്. ജയസൂര്യയെ കൂടാതെ സിനിമയിലെ മറ്റ് പലർക്കും ഇയാളുമായി ബന്ധമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം സിനിമകളിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. ജയസൂര്യയും സ്വാതികും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള കൂടുതൽ വ്യക്തതയ്ക്കായി വരും ദിവസങ്ങളിലും അന്വേഷണം തുടരും.











