
ദില്ലി: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജിയുമായി സേവ് കേരള ബ്രിഗേഡ്. സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് റസൽ ജോയിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണം. ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട് തെറ്റാണെന്നും റിപ്പോർട്ട് തെറ്റാണ് എന്നതിന് തെളിവുകൾ ഉണ്ടെന്നും സേവ് കേരള ബ്രിഗേഡ് ഹർജിയിൽ പറയുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം. വർഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും എന്നാൽ ഡാമിൻ്റെ ആയുസ് പറഞ്ഞതിനെക്കാൾ രണ്ടിരട്ടി കഴിഞ്ഞല്ലോ എന്നും ജസ്റ്റിസ് ഋഷികേശ് റോയ് അന്ന് ചോദിച്ചിരുന്നു.