
കോട്ടയം: കൊലപാതകക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ തത്വത്തില്‍ ധാരണ ആയതായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. കൗണ്‍സിലിന്റെ നിയമോപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ സുഭാഷ് ചന്ദ്രനാണ് ഈ ആശ്വാസ വാര്‍ത്ത പങ്കുവെച്ചത്. യാധനത്തെ സംബന്ധിച്ച് അടക്കം ചര്‍ച്ചകള്‍ തുടരുമെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. പക്ഷേ ഇപ്പോഴും ആശങ്കയായി മാറുന്നത് കേന്ദ്രത്തിന്റെ ഉറപ്പില്ലായ്മാണ്. നിമിഷപ്രിയയുമായി ബന്ധപ്പെട്ടു വരുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.
യെമന്‍ പൗരനായ തലാലിന്റെ കുടുംബം നിമിഷപ്രിയയ്ക്കു വധശിക്ഷ നല്‍കേണ്ട എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതായും ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നുമാണ് സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കിയത്.
തലാലിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണു തീരുമാനമെടുക്കേണ്ടത്. സ്വാഭാവികമായും മക്കളും മാതാപിതാക്കളുമാണു തീരുമാനമെടുക്കേണ്ടത്. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരനു തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും സുഭാഷ് ചന്ദ്രന്‍ പറയുന്നു. സമാനമായ അറിയിപ്പ് ഇന്നലെ കാന്തപുരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എന്നാല്‍, തലാലിന്റെ സഹോദരന്‍ അതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.