
ഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്നതാണ് വഖഫ് നിയമ ഭേദഗതിക്കെതിരായ സുപ്രീം കോടതിയിലെ നിയമ പോരാട്ടം. കേസ് ഇന്ന് പരിഗണിച്ച കോടതി ഹർജികള്‍ പുതിയ ബഞ്ചിലേക്ക് മാറ്റി. ഇന്നേക്ക് പത്താം നാൾ കേസ് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത് പ്രകാരം ഈ മാസം 15 ന് ജസ്റ്റിസ് ഗവായിയുടെ ബഞ്ചാകും ഹർജികളിൽ വാദം കേള്‍ക്കുക. നിലവിലെ ചീഫ് ജസ്റ്റിസ് 13 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് കേസ് മാറ്റിയത്.
വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹർജികള്‍ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രീം കോടതി വഖഫ് സ്വത്തുക്കളില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയം നല്‍കിയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പെരുപ്പിച്ച കണക്കാണുള്ളതെന്ന് ആരോപിച്ച് മുസ്‌ലിം സംഘടനകള്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇസ്‌ലാമിക ശരീഅത്തിലെ വഖഫ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തതെന്ന് മുസ്ലിം സംഘടനകള്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമം സ്റ്റേ ചെയ്യരുതെന്നാണ് കേന്ദ്രത്തിന്റെ പ്രധാന ആവശ്യം.