
റെയ്ക്ജാവിക്: 30 വർഷങ്ങൾക്ക് മുൻപ് 15 കാരനുമായി ബന്ധമുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതിന് പിന്നാലെ രാജിവെച്ച് ഐസ്‌ലൻഡ് ശിശുവകുപ്പ് മന്ത്രി അസ്തിൽദുർ ലോവ തോഴ്സ്ദോത്തിർ. 58കാരിയായ ലോവയ്ക്ക് 22 വയസ്സുള്ളപ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ബന്ധപ്പെട്ടിരുന്നത്. അക്കാലത്ത് മത സംഘടനയുടെ കൗൺസിലറായിരുന്നു ലോവ. കൗൺസിലിങ്ങിനെത്തിയ ഈറിക് അസ്മുണ്ട്സണുമായി അങ്ങനെയാണ് പരിചയപ്പെട്ടത്.
കുടുംബപ്രശ്നത്തിൽ കൗൺസിലിങിന് വേണ്ടിയാണ് ഈറിക് ലോവയുടെ അടുത്ത് എത്തിയത്. അടുത്ത വർഷം ഇരുവർക്കും കുഞ്ഞുണ്ടായി. ലോവയ്ക്ക് 23 വയസും ഈറിക്കിന് പതിനാറും ആയിരുന്നു അപ്പോൾ പ്രായം. രഹസ്യമായി തന്നെ ഇരുവരും ബന്ധം തുടര്‍ന്നു. പ്രസവ സമയത്തെത്തും ലോവയ്ക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് ഈറിക് വെളിപ്പെടുത്തിയിട്ടുള്ളത്.
ലോവ മറ്റൊരാളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം അവസാനിച്ചത്. വർഷങ്ങൾക്കു ശേഷം തന്‍റെ കുഞ്ഞിന്‍റെ കസ്റ്റഡി ആവശ്യപ്പെട്ടു കൊണ്ടാണ് ഈറിക് ഐസ്‌ലൻഡിലെ നീതിന്യായ മന്ത്രാലയത്തെ സമീപിച്ചത്. ലോവ ഈ ആവശ്യം നിരാകരിച്ചു. സംഭവം വിവാദമായതോടെയാണ് ലോവയുടെ രാജിക്കു വേണ്ടിയുള്ള മുറവിളി ഉയർന്നത്. വളരെ ഗൗരമേറിയ കാര്യമാണിതെന്ന് പ്രധാനമന്ത്രി ക്രിസ്ട്രുൻ ഫ്രോസ്റ്റാഡോട്ടിർ പ്രതികരിച്ചു. എന്നാൽ പാർലമെന്‍റ് അംഗത്വം രാജി വയ്ക്കില്ലെന്നാണ് ലോവ വ്യക്തമാക്കിയിട്ടുള്ളത്.