സ്കൂൾ വാർഷിക അവധി; എല്ലാ വിഭാഗമാളുകളുടെയും അഭിപ്രായം കേട്ട് അന്തിമ തീരുമാനം വിശദമായ ചര്‍ച്ചയ്ക്ക് ശേഷമെന്ന് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂള്‍ അവധി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും വിഷയം പരിശോധിക്കാനായി നിയോഗിച്ച സമിതി എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേള്‍ക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കടുത്ത ചൂടുള്ള മെയ് മാസവും കൂടുതല്‍ മഴയുള്ള ജൂണ്‍ മാസവും സ്കൂള്‍ അവധിക്ക് പരിഗണിക്കാമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ മന്ത്രിക്ക് മുന്നില്‍ നിര്‍ദ്ദേശം വയ്ക്കുകയും ചെയ്തു.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഏറെ പ്രവൃത്തി ദിനങ്ങള്‍ മഴ കാരണം നഷ്ടമാകുന്ന സാഹചര്യത്തില്‍ മധ്യവേനല്‍ അവധി മഴക്കാല അവധിയാക്കുന്ന ആലോചന വിദ്യാഭ്യാസ മന്ത്രിയാണ് പൊതുജനങ്ങൾക്ക് മുമ്പിൽ മുന്നോട്ട് വെച്ചത്. ഇതിനോടകം മന്ത്രിയുടെ നിര്‍ദ്ദേശത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി അഭിപ്രായങ്ങളും വന്നിരുന്നു. ഇതോടെയാണ് ഇക്കാര്യം വിശദമായി പരിശോധിക്കാനായി ഒരു സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം ഉള്‍ക്കൊണ്ടായിരിക്കും തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.അതേസമയം, ഇരു വിഭാഗം സമസ്തയുടെയും എതിര്‍പ്പ് മറികടന്ന് സ്കൂള്‍ സമയ മാറ്റ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയ ശേഷം ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രി കാരന്തൂര്‍ മര്‍ക്കസിലെത്തുന്നത്. എന്നാൽ സമയമാറ്റ വിഷയത്തില്‍ ഇ കെ വിഭാഗം സമസ്ത ഇപ്പോഴും പ്രതിഷേധത്തിലാണ്.

More Stories from this section

family-dental
witywide