
തിരുവനന്തപുരം: സ്കൂൾ സമയ സമയം മാറ്റവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് ചര്‍ച്ച നിശ്ചയിച്ചിട്ടുള്ളത്. സമസ്തയടക്കം സംഘടനകൾ സ്കൂൾ സമയ മാറ്റത്തെ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം സമരങ്ങളിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയതതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചർച്ച നടത്താമെന്ന നിലപാടിലേക്ക് എത്തിയത്.
പഠന സമയം അര മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാക്കിയതാണ് പ്രധാനമായും വിവാദങ്ങൾക്ക് കാരണമായത്. 220 പ്രവൃത്തി ദിനങ്ങൾ എന്ന ഹൈക്കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് സർക്കാർ വിശദീകരക്കുന്നുണ്ട്. അഞ്ചംഗ വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ സമയക്രമം.
പുതിയ സമയക്രമം മദ്രസാ പഠനത്തെ ബാധിക്കുമെന്നും മത വിദ്യാഭ്യാസത്തിന് തടസമാകുമെന്നും ആരോപിച്ചാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ രംഗത്തെത്തിയത്. സർക്കാർ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഓഗസ്റ്റ് അഞ്ചിന് എല്ലാ ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും സെപ്റ്റംബർ 30-ന് സെക്രട്ടേറിയറ്റിന് മുന്നിലും ധർണ്ണ നടത്തുമെന്ന് സമസ്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.